തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണ അധ്യക്ഷപദവികള്‍ നിശ്ചയിച്ചു

കൊച്ചി: കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിനുശേഷം ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യേണ്ട സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ടിലെ 21ാം വകുപ്പ് (4 ബി,സി) ഉപവകുപ്പ് പ്രകാരമാണ് നടപടി. ഇത് പ്രകാരം ഡെപ്യൂട്ടി മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള മുനിസിപ്പല്‍ കോര്‍പറേഷനില്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലെ അധ്യക്ഷ സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്തിടത്ത് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഒഴികെയുള്ള നാല്സ്റ്റാന്‍ഡിങ് കമ്മിറ്റികളിലെ അധ്യക്ഷ സ്ഥാനങ്ങളും സ്ത്രീകള്‍ക്കായി സംവരണം ചെയ്തു. മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളിടത്ത് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലെ അധ്യക്ഷ സ്ഥാനങ്ങളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. ഡെപ്യൂട്ടി ചെയര്‍ പേഴ്സണ്‍ സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടില്ലാത്തിടത്ത് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലെ അധ്യക്ഷ സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തു. ത്രിതല പഞ്ചായത്തുകളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടേണ്ട സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള പഞ്ചായത്ത് രാജ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചട്ടങ്ങള്‍ പ്രകാരം ഗ്രാമ, ബ്ളോക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നത് സംബന്ധിച്ച് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആദ്യമായി സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടേണ്ട സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ ഗ്രാമ ബ്ളോക് പഞ്ചായത്തുകളുടെ കാര്യത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും, വൈസ് പ്രസിഡന്‍റ് സ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ളെങ്കില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും ആയിരിക്കും. ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും, വൈസ് പ്രസിഡന്‍റ് സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടില്ളെങ്കില്‍ വികസന സ്റ്റാന്‍ഡിങ് അധ്യക്ഷ സ്ഥാനവും, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും ആയിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.