എല്‍.ഡി.എഫിന്‍െറ നഗരസഭകളില്‍ ചെയര്‍പേഴ്സണ്‍മാരെ പ്രഖ്യാപിച്ചു

കൊച്ചി: ജില്ലയില്‍ എല്‍.ഡി.എഫിന് ഭരണം കിട്ടിയ നഗരസഭകളില്‍ നാലിടത്ത് പാര്‍ട്ടി ചിഹ്നത്തില്‍ ജനവിധി തേടിയവരും ഒരിടത്ത് പാര്‍ട്ടി സ്വതന്ത്രയും ഭരണം നയിക്കും. ഭരണം ലഭിച്ചവയില്‍ അങ്കമാലിയിലാണ് സി.പി.എം സ്വതന്ത്ര ചെയര്‍പേഴ്സണാവുക. ശനിയാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തീരുമാനം ഇനി അതത് കമ്മിറ്റികളില്‍ അവതരിപ്പിച്ച് അന്തിമമായി അംഗീകരിക്കേണ്ടതുണ്ട്. കൊച്ചി നഗരസഭയില്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗവും കൊച്ചി ഏരിയ കമ്മിറ്റി അംഗവുമായ കെ.ജെ. ആന്‍റണി പ്രതിപക്ഷനേതാവുമാകും. ഭരണം തിരിച്ചുപിടിച്ച തൃപ്പൂണിത്തുറ നഗരസഭയില്‍ ഐ.ഒ.സി. ഡിവിഷനില്‍നിന്ന് വിജയിച്ച ചന്ദ്രിക ദേവി ചെയര്‍പേഴ്സണ്‍ ആകും. ഇവിടെ സി.പി.എമ്മിലെതന്നെ ഒ.വി. സലീം വൈസ് ചെയര്‍മാനാകും. അങ്കമാലിയില്‍ എല്‍.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ഗ്രേസി ടീച്ചറായിരിക്കും ചെയര്‍പേഴ്സണ്‍. അങ്കമാലി വളവഴി ഡിവിഷനില്‍നിന്നാണ് ടെലിവിഷന്‍ ചിഹ്നത്തില്‍ ഗ്രേസി ടീച്ചര്‍ വിജയിച്ചത്. ഏലൂരില്‍ ടൗണ്‍ഷിപ് ഡിവിഷനില്‍നിന്ന് വിജയിച്ച സി.പി. ഉഷ ചെയര്‍പേഴ്സണ്‍ ആകും. ഇവിടെ രണ്ട് വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയ പ്രതിനിധിയാണ് സി.പി. ഉഷ. ജില്ലയില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയ മൂവാറ്റുപുഴ നഗരസഭയില്‍ ഉഷ ശശിധരനാണ് ഇത്തവണ ചെയര്‍പേഴ്സണ്‍. തീക്കോളിപാറ ഡിവിഷനില്‍നിന്ന് 100ല്‍പ്പരം വോട്ടുകള്‍ക്കാണ് ഉഷ വിജയിച്ചത്. പെരുമ്പാവൂരില്‍ ചക്കരക്കാട് ഡിവിഷനില്‍നിന്ന് വിജയിച്ച സതി ജയകൃഷ്ണനായിരിക്കും ചെയര്‍പേഴ്സണ്‍. ഇവിടെ എതിര്‍ സ്ഥാനാര്‍ഥിയെ 432ന് പരാജയപ്പെടുത്തിയാണ് സതിയുടെ വിജയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.