റെയില്‍ പാലത്തില്‍ ബാര്‍ജ് കുരുങ്ങി; ജലയാനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു

വൈറ്റില: വ്യവസായ മേഖലയിലേക്ക് ഗന്ധകവുമായി പോവുകയായിരുന്ന ബാര്‍ജ് കണിയാമ്പുഴ റെയില്‍ പാലത്തില്‍ കുരുങ്ങി. ദേശീയ ജലപാതയിലൂടെയുള്ള ജലയാനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി റിഫൈനറിയിലേക്കുള്ള നാഫ്ത ലൈന്‍ പോകുന്ന പാലത്തില്‍ തട്ടാതിരുന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. ബാര്‍ജ് ഇടിച്ച് കുരുങ്ങിക്കിടക്കുന്ന പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. തുറമുഖത്തുനിന്ന് അഞ്ഞൂറ് മെട്രിക് ടണ്‍ ഗന്ധകവുമായി വരുകയായിരുന്ന ബാര്‍ജ് തിരുവനന്തപുരത്തേക്കുള്ള ഡൗണ്‍ ലൈന്‍ സ്ഥാപിച്ചിട്ടുള്ള പാലത്തിന്‍െറ തൂണിലാണ് ഇടിച്ചത്. ഉപരിതലത്തില്‍നിന്ന് മൂന്നു മീറ്റര്‍ താഴെ വൃത്താകൃതിയിലുള്ള തൂണിന്‍െറ അടിത്തറയിലേക്ക് ബാര്‍ജ് ഇടിച്ചു കയറുകയായിരുന്നു. വേലിയിറക്കം ആയതോടെ ബാര്‍ജ് അനക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. സംഭവം അറിഞ്ഞത്തെിയ റെയില്‍വേ അധികൃതര്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കണിയാമ്പുഴ പാലത്തിലൂടെ മണിക്കൂറില്‍ ശരാശരി 80 കിലോമീറ്ററില്‍ പോകുന്ന തീവണ്ടികളുടെ വേഗം മുപ്പത് കിലോ മീറ്ററാക്കി ചുരുക്കി. മറ്റൊരു ബാര്‍ജ് എത്തിച്ച് കെട്ടിവലിച്ച് നീക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വലിക്കുന്തോറും പാലത്തിന് കോട്ടം വരാന്‍ സാധ്യത ഉള്ളതിനാല്‍ ഉച്ചയോടെ ഈ ശ്രമവും ഉപേക്ഷിച്ചു. വേലിയേറ്റ സമയത്ത് ശ്രമം തുടരും. ബാര്‍ജ് ജലോപരിതലത്തില്‍ ഉയര്‍ത്താനുള്ള ശ്രമം രാത്രിയിലും തുടരുകയാണ്. ശരാശരി 75 ട്രെയിനുകളെങ്കിലും പോകുന്ന പാലത്തിലെ തടസ്സം എറണാകുളം വഴി പോകുന്ന സര്‍വിസുകളെ ബാധിച്ചിട്ടുണ്ട്. അപകടം ഉണ്ടാക്കിയ ട്രാന്‍സ്പോര്‍ട്ടിങ് കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഏരിയ മാനേജര്‍ ഡോ. രാജേഷ്ചന്ദ്രന്‍, അസി. ഡിവിഷന്‍ എന്‍ജിനീയര്‍ എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഭാരം കുറവുള്ള ബാര്‍ജുകള്‍ കായലിലെ മറ്റൊരു ചാലിലൂടെ തല്‍ക്കാലം തിരിച്ചുവിടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.