‘പേമെന്‍റ് മേയര്‍’: ഊഹാപോഹമെന്ന് ഡി.സി.സി

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണം ശരിയല്ളെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസ്. നിലവില്‍ ഇത്തരമൊരാളുടെ പേര് ചര്‍ച്ച ചെയ്തിട്ടില്ളെന്നും കെ.പി.സി.സിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനപ്പെടുത്തി മാത്രമായിരിക്കും തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ നല്‍കാന്‍ ഏതെങ്കിലും സ്ഥാനാര്‍ഥിയില്‍നിന്ന് പണം വാങ്ങുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല. ഇക്കാര്യത്തില്‍ പ്രചരിക്കുന്നതെല്ലാം ഊഹാപോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു പരാതിയും ഡി.സി.സി നേതൃത്വത്തിന് ലഭിച്ചിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മേയര്‍ പദവിക്കായി വനിത കൗണ്‍സിലറില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണം തന്‍െറ ശ്രദ്ധയില്‍ പെട്ടിട്ടില്ളെന്ന് മന്ത്രി കെ. ബാബുവും ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. അതേസമയം, കൊച്ചിയിലെ മേയര്‍ ചര്‍ച്ച ആരംഭിക്കും മുമ്പേ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ശക്തമായിരിക്കുകയാണ്. മുന്‍ വര്‍ക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ‘എ’ ഗ്രൂപ് കാരിയായ സൗമിനി ജെയിനെ കൂടാതെ ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് വിജയിച്ച പുതുമുഖമായ ഷൈനി മാത്യു കൂടി ‘എ’ ഗ്രൂപ്പില്‍നിന്ന് രംഗത്തുവന്നതോടെ കോണ്‍ഗ്രസില്‍ ഇരു ഗ്രൂപ്പുകളിലും ആശയക്കുഴപ്പമുണ്ട്. നഗരസഭയില്‍ എതാണ്ട് ഒപ്പത്തിനൊപ്പമാണ് ഇരു ഗ്രൂപ്പുകള്‍ക്കും അംഗബലമെങ്കിലും ‘എ’ ഗ്രൂപ്പിനുതന്നെ മേയര്‍ സ്ഥാനം നല്‍കാനാണ് പൊതുധാരണ. പക്ഷേ, സാമുദായിക പരിഗണന നോക്കി ഷൈനി മാത്യുവിന് മേയര്‍ പദവി നല്‍കിയാല്‍ ഐ ഗ്രൂപ്പിലെ ടി.ജെ. വിനോദിന് ഡെപ്യൂട്ടി മേയര്‍ പദവി നഷ്ടമാകുമെന്നതാണ് ഐ ഗ്രൂപ്പിനെ അലട്ടുന്നത്. ഇപ്രകാരം സംഭവിച്ചാല്‍ എന്‍. പ്രേമചന്ദ്രന്‍, കെ.വി.പി. കൃഷ്ണകുമാര്‍ എന്നിവരെ ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് പരിഗണിക്കേണ്ടി വരും. മറിച്ച് സൗമിനിക്ക് മേയര്‍ പദവി നല്‍കിയാല്‍ ടി.ജെ. വിനോദിന് ഡെപ്യൂട്ടി മേയറാകാം എന്ന സാധ്യതയുണ്ട്. അതേസമയം, ഐ ഗ്രൂപ്പുകാരിയായ ഗ്രേസി ബാബുവിനെ ടേം അടിസ്ഥാനത്തില്‍ പരിഗണിക്കണമെന്ന നിര്‍ദേശവും ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നേക്കാം. ഇങ്ങനെ വന്നാല്‍ എ, ഐ, വിഭാഗങ്ങള്‍ രണ്ടര വര്‍ഷം വീതം മേയര്‍ പദവിയും ഡെപ്യൂട്ടി മേയര്‍ പദവിയും പങ്കിട്ടെടുക്കുന്ന സാഹചര്യമായിരിക്കും ഉണ്ടാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.