എടത്തല പഞ്ചായത്ത് : കോണ്‍ഗ്രസുമായി ഭരണം പങ്കിടേണ്ടതില്ളെന്ന് ലീഗ് തീരുമാനം

പുക്കാട്ടുപടി: എടത്തല പഞ്ചായത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണത്തില്‍ പങ്കാളിയാകേണ്ടെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സില്‍ അംഗങ്ങളുടെയും ശാഖാ പ്രസിഡന്‍റ്-സെക്രട്ടറിമാരുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ സ്ഥാനാര്‍ഥിയും ലീഗിലെ മറ്റു ചില സ്ഥാനാര്‍ഥികളും പരാജയപ്പെടാന്‍ കോണ്‍ഗ്രസിന്‍െറ ബോധപൂര്‍വമായ ശ്രമങ്ങള്‍ ശക്തമായതായി യോഗത്തില്‍ ആരോപണമുയര്‍ന്നു. എടത്തല ഡിവിഷനില്‍ മത്സരിച്ചത് ലീഗിലെ എം.യു. ഇബ്രാഹിമാണ്. 1112 വോട്ടിനാണ് ഇദ്ദേഹം പരാജയപ്പെട്ടത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് യോഗത്തിലുയര്‍ന്ന പൊതു വികാരമെന്നറിയുന്നു. പല ലീഗ് നേതാക്കളും യോഗത്തില്‍ രോഷാകുലരായതായി പറയുന്നു. പല വാര്‍ഡുകളിലും ചില ബ്ളോക് പഞ്ചായത്തുകളിലും ജില്ലാ സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞതായി യോഗത്തില്‍ പലരും ആക്ഷേപമുന്നയിച്ചു. അതുകൊണ്ടുതന്നെ പഞ്ചായത്ത് ഭരണത്തില്‍ പങ്കാളിയാകേണ്ടതില്ളെന്ന അഭിപ്രായമാണ് പൊതുവെ യോഗത്തിലുണ്ടായത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അഭിപ്രായമുണ്ടായി. കൂടാതെ, ലീഗിന്‍െറ റെബലായി മത്സരിച്ച മുന്‍ പഞ്ചായത്തംഗം 20ാം വാര്‍ഡില്‍ വിജയിച്ചതും കോണ്‍ഗ്രസിനെതിരായി ശബ്ദമുയര്‍ത്താന്‍ ലീഗിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താണ്. പഞ്ചായത്തുതലത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ സ്ഥാനാര്‍ഥിയായിരുന്ന എം.യു. ഇബ്രാഹിമും മറ്റ് വാര്‍ഡുകളിലേക്ക് മത്സരിച്ചിരുന്നവരും പങ്കെടുത്തു. ശനിയാഴ്ച ചേരുന്ന ലീഗിന്‍െറ ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ എടത്തല വിഷയം ചര്‍ച്ച ചെയ്യുമെന്നറിയുന്നു. മണ്ഡലം പ്രസിഡന്‍റ് -സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലീഗ് നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ളെന്നും ആരോപണം സംബന്ധിച്ച് ഓരോ വാര്‍ഡുകളുടെയും ബൂത്ത് തലത്തില്‍ പരിശോധിച്ചാല്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂവെന്നും ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സി.യു. യൂസഫ് പറഞ്ഞു. എടത്തല പഞ്ചായത്തിലേക്ക് 10 വാര്‍ഡുകളില്‍നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഇതില്‍ മൂന്ന് പേര്‍ ലീഗ് പ്രതിനിധികളാണ്. യു.ഡി.എഫിന് ഒരു സ്വതന്ത്ര അംഗത്തിന്‍െറ പിന്തുണ കൂടി ചേര്‍ന്നാല്‍ മാത്രമേ ഭരണം ലഭിക്കൂ. 21 വാര്‍ഡുകളാണ് എടത്തല പഞ്ചായത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.