ആലുവ: കാലപ്പഴക്കമേറിയ കുടിവെള്ള പൈപ്പുകള്‍ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകളുടെ അന്തകനാകുന്നു. ആലുവ മേഖലയിലെ വലുതും ചെറുതുമായ കുടിവെള്ള വിതരണ പൈപ്പുകളെല്ലാം ഏറെ പഴക്കമുള്ളവയാണ്. പലതിനും അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നിരന്തര പൈപ്പ് പൊട്ടല്‍ മൂലമുണ്ടാകുന്ന ഗതാഗതപ്രശ്നങ്ങള്‍ നഗരവാസികളെയും ഗ്രാമീണരെയും ബുദ്ധിമുട്ടിക്കുകയാണ്. നഗരത്തിലെ പ്രധാന റോഡുകള്‍ക്ക് അടിയിലൂടെ കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പുകള്‍ പോകുന്നുണ്ട്. ഇവ പൊട്ടുമ്പോളെല്ലാം റോഡുകളും തകരും. പൈപ്പ് പൊട്ടി ദിവസങ്ങള്‍ കഴിഞ്ഞെ നന്നാക്കാന്‍ അധികൃതര്‍ ശുഷ്കാന്തികാണിക്കൂ എന്നതിനാല്‍ പൈപ്പ് വലിയ കുഴിയായി മാറിയിട്ടുണ്ടാകും. ഇതോടെ ദുരിതം പൂര്‍ണമാകും. നാളുകള്‍ക്കുശേഷം നന്നാക്കിയാല്‍ പലപ്പോഴും കുഴിയില്‍ മണ്ണും കല്ലുമിട്ട് മൂടുകയാണ് പതിവ്. ഈ ഭാഗങ്ങള്‍ കുന്നുപോലെയോ റോഡുനിരപ്പില്‍നിന്ന് താഴ്ന്ന് കുഴിയായോ നില്‍ക്കും. ഇത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാണ്. ആലുവ പാലസ് റോഡില്‍ അദൈ്വതാശ്രമത്തിനുമുന്നില്‍ റോഡിന് നടുവിലൂടെ പോകുന്ന പ്രധാന പൈപ്പ് അടിക്കടി പൊട്ടാറുണ്ട്. തിരക്കേറിയ സമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നതോടെ ഗതാഗത തടസ്സവും രൂക്ഷമാകും. കഴിഞ്ഞമാസവും ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. ആറ് മാസത്തിനുള്ളില്‍ 20 തവണയാണ് പൊട്ടിയത്. കുഴിയടച്ച ഭാഗം ഇപ്പോഴും റോഡിന് നടുവില്‍ കുന്നുപോലെ നില്‍ക്കുകയാണ്. ഇതിന് സമീപത്തെ മുനിസിപ്പല്‍ റോഡിലും പൈപ്പ് ഇടക്കിടെ പൊട്ടാറുണ്ട്. ഇതുമൂലം ടാറിങ് നടത്തുന്നതും വെറുതെയാവുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് വീതി കുറവായിരുന്ന കാലത്ത് റോഡുകളുടെ സൈഡിലായാണ് പൈപ്പ് സ്ഥാപിച്ചത്. എന്നാല്‍, പിന്നീട് വീതി കൂട്ടിയതോടെ ഇവ റോഡിന് നടുവിലായി. റോഡിലെ ദുരിതത്തോടൊപ്പം കുടിവെള്ളം മുടങ്ങുന്നതും പ്രതിഷേധത്തിനിടയാകാറുണ്ട്. സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി പൈപ്പ് മാറ്റാന്‍ തീരുമാനമെടുപ്പിച്ചതായി ജനപ്രതിനിധികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.