സി.പി.എം പറവൂര്‍ ഏരിയ കമ്മിറ്റി : ഒൗദ്യോഗികപക്ഷം പിടിമുറുക്കി

പറവൂര്‍: പറവൂര്‍ ഏരിയ കമ്മിറ്റിയില്‍ രണ്ട് പ്രമുഖരെ ഉള്‍പ്പെടുത്തി ഒൗദ്യോഗികപക്ഷം പിടിമുറുക്കി. ചേന്ദമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും മുന്‍ ഏരിയാ കമ്മിറ്റിയംഗവുമായ എ.എസ്. അനില്‍കുമാര്‍, ചിറ്റാറ്റുകര പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും ഏരിയ കമ്മിറ്റി അംഗവുമായ ടി.എസ്. രാജന്‍ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഞായറാഴ്ച ഏരിയ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തത്. നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും സി.ഐ.ടി.യു നേതാവുമായ കെ.എ. വിദ്യാനന്ദന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഏരിയാ സമിതി വലിയ ചര്‍ച്ചകള്‍ക്കൊന്നും ഇടം നല്‍കാതെയാണ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശത്തോട് യോജിച്ചത്. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എന്‍. നായര്‍, ടി.ആര്‍. ബോസ്, മുന്‍ ഏരിയാ സെക്രട്ടറി അഡ്വ. എന്‍.എ. അലി എന്നിവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു. കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ അനില്‍കുമാറും രാജനും മത്സരിച്ചെങ്കിലും രണ്ടുപേരും വി.എസ് പക്ഷക്കാരോട് അടിയറവ് പറഞ്ഞിരുന്നു. വി.എസ് വിഭാഗത്തിന് മുന്‍തൂക്കമുള്ള കമ്മിറ്റിയില്‍ ടി.ജി. അശോകനാണ് ഏരിയ സെക്രട്ടറിയായത്. ഏരിയ സമ്മേളനത്തില്‍ 17 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ ഒമ്പതുപേര്‍ വി.എസ് വിഭാഗവും എട്ടുപേര്‍ ഒൗദ്യോഗിക പക്ഷക്കാരുമായിരുന്നു. കഴിഞ്ഞ ദിവസം ഒൗദ്യോഗികപക്ഷത്തെ രണ്ടുപേരെ ഉള്‍പ്പെടുത്തിയതോടെ ഒൗദ്യോഗിക പക്ഷക്കാര്‍ പത്തായി വര്‍ധിച്ചു. വി.എസ് വിഭാഗം ഒമ്പതില്‍ തന്നെ നില്‍ക്കുകയാണ്. ഇതോടെ ഒൗദ്യോഗികപക്ഷത്തിന്‍െറ അഭിപ്രായങ്ങള്‍ക്കും തീരുമാനത്തിനും വി.എസ് വിഭാഗം ഏരിയാ നേതൃത്വം വഴങ്ങേണ്ടിവരും. ഇതിനുമുമ്പ് അഡ്വ. എന്‍.എ. അലി ഏരിയാ സെക്രട്ടറി ആയിരുന്നപ്പോള്‍ ഒൗദ്യോഗികപക്ഷം കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയും അധികം കഴിയുംമുമ്പേ അലിയെ മാറ്റി ടി.ആര്‍. ബോസിനെ സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ ജില്ലാ കമ്മിറ്റി തീരുമാനവും രണ്ടുപേരെ ഏരിയാ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുള്ളതും അധികം താമസിയാതെ നിലവിലെ സെക്രട്ടറിക്ക് സ്ഥാന ചലനം ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഒൗദ്യോഗിക പക്ഷം നടത്തിയ പുതിയ ചുവടുവെപ്പ് പാര്‍ട്ടിയില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തിയേക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.