സര്‍ഫാസി വിരുദ്ധസമരം : ജപ്തി നടപടി നിര്‍ത്തിവെക്കണം –സമര സമിതി

കൊച്ചി: സര്‍ഫാസി നിയമത്തിന്‍െറ മറവില്‍ ബാങ്കുകളുടെ ഒത്താശയോടെ വ്യാപക തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നില്ളെന്ന് സര്‍ഫാസി ബാങ്ക് ജപ്തി വിരുദ്ധ സമരസമിതി. ജപ്തി നടപടികള്‍ നിര്‍ത്തിവെച്ച് തട്ടിച്ചെടുത്ത പ്രമാണങ്ങള്‍ അസാധുവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ബാങ്കും ഇടനിലക്കാരും ചേര്‍ന്ന് വായ്പാ തട്ടിപ്പിനിരയാക്കിയ ദരിദ്ര ദലിത് കുടുംബങ്ങളുടെ കിടപ്പാട പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് സിവില്‍ സ്റ്റേഷന് മുന്നില്‍ 138 ദിവസമായി കണ്ണ്കെട്ടി സമരം തുടരുകയാണ്. തട്ടിപ്പിന് കൂട്ടുനിന്ന ബാങ്കുകള്‍ക്ക് മുന്നിലേക്ക് കൂടി സമരം വ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന പട്ടികജാതി കമീഷന്‍െറ ശിപാര്‍ശകളെ അവഗണിച്ച് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ജനങ്ങളുടെ ജീവല്‍പ്രശ്നത്തെ കയ്യൊഴിയുകയാണെന്ന് സമരസമതി കുറ്റപ്പെടുത്തി. കേസന്വേഷണ കാലയളവില്‍ ജപ്തി നടന്നാല്‍ കിടപ്പാടം തിരികെ ലഭിക്കില്ളെന്നാണ് തട്ടിപ്പിനിരയായ കുടുംബങ്ങളുടെ ആശങ്ക. നഷ്ടപ്പെട്ട കിടപ്പാടം തിരികെ കിട്ടുംവരെ സമരത്തോടൊപ്പമുണ്ടാകുമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത എസ്. ശര്‍മ എം.എല്‍.എ ഉറപ്പുനല്‍കി. ചടങ്ങില്‍ സംസാരിച്ച സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ. സഞ്ജിത്, തന്‍െറ പാര്‍ട്ടി സമരത്തെ പിന്തുണക്കുമെന്ന് അറിയിച്ചു. ജനവിരുദ്ധ ബാങ്കിങ് നയങ്ങളെ എതിര്‍ത്ത് ബാങ്കിലെ ഉന്നത ഉദ്യോഗം രാജിവെച്ച് അഭിഭാഷകനായ വി.കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.ഡി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് സി.എസ്. മുരളി, ഡി.പി.ഐ പ്രസിഡന്‍റ് ശിവാനന്ദന്‍, സി. വാസുക്കുട്ടന്‍, ഹാരോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്രിസ്മസ് രാവില്‍ പ്രതിരോധ പാട്ടുകളും തെരുവ് നാടകങ്ങളുമായി പി.കെ. വിജയന്‍െറയും മാര്‍ട്ടിന്‍ പാലാരിവട്ടത്തിന്‍െറയും നേതൃത്വത്തില്‍ സാംസ്കാരിക പരിപാടികള്‍ നടന്നു. ഭവാനി കുട്ടനാട്, ശശി വടാട്ടുപാറ തുടങ്ങിയവര്‍ നിരാഹാരം അനുഷ്ഠിച്ചു. കിടപ്പാടം ജപ്തി ചെയ്യപ്പെട്ടവരും ജപ്തിഭീഷണി നേരിടുന്നവരുമായ നിരവധി കുടുംബങ്ങള്‍ മണിക്കൂര്‍ നീണ്ട സമര പരിപാടിയില്‍ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.