ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

കോതമംഗലം: കൗമാര കലാമേളക്ക് തിങ്കളാഴ്ച കോതമംഗലത്ത് തുടക്കമാകും. 14 ഉപജില്ലകളിലെയും വിജയികളായ ആയിരക്കണക്കിന് മത്സരാര്‍ഥികളാണ് നാല് ദിവസങ്ങളില്‍ 14 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുക. മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പ്രധാന വേദി. സെന്‍റ് അഗസ്റ്റിന്‍സ് ഗേള്‍സ് സ്കൂള്‍, സെന്‍റ് ജോര്‍ജ്, ഗവ. എല്‍.പി.ജി, ഗവ. യു.പി സ്കൂളുകള്‍ക്ക് പുറമെ കലാ ഓഡിറ്റോറിയം, ലയണ്‍സ് ഹാള്‍, ഹോളിഡേ ക്ളബ്, നഗരസഭ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കലോത്സവത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ചൊവ്വാഴ്ച മുതല്‍ ജനുവരി ഒന്ന് വരെയാണ് കലാമത്സരങ്ങള്‍. 29 ന് രാവിലെ എട്ടിന് മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ ഷൈന്‍മോന്‍ പതാക ഉയര്‍ത്തും. സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ എട്ടിന് ബാന്‍ഡ് മേളം മത്സരത്തോടെ കലോത്സവങ്ങള്‍ക്ക് തുടക്കമാവും. സെന്‍റ് അഗസ്റ്റിന്‍സില്‍ 9.30ന് ചവിട്ടുനാടക മത്സരവും നടക്കും. രചന മത്സരങ്ങള്‍ മാര്‍ ബേസിലിലും നടക്കും. ഉച്ച കഴിഞ്ഞ് 2.30ന് മാര്‍ത്തോമ ചെറിയ പള്ളി അങ്കണത്തില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം നാലിന് മാര്‍ ബേസില്‍ സ്റ്റേഡിയത്തില്‍ മന്ത്രി അനൂപ് ജേക്കബ് മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ടി.യു കുരുവിള എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോയ്സ് ജോര്‍ജ് എം.പി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു, ഡി.ഡി.ഇ എം.കെ ഷൈന്‍മോന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷെമീര്‍ പനക്കല്‍, കണ്‍വീനര്‍ സി.കെ സാജു തുടങ്ങിയവര്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷം തൃപ്പൂണിത്തുറയിലായിരുന്നു കലോത്സവം. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, അറബിക്, സംസ്കൃതം കലോത്സവങ്ങളും അധ്യാപകര്‍ക്കുള്ള മത്സരങ്ങളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.