തൃക്കാക്കരയില്‍ കൗണ്‍സിലറുടെ വീട്ടില്‍ പൊലീസ് അതിക്രമം

കാക്കനാട്: ക്രിസ്മസ് ദിവസം തൃക്കാക്കര മുനിസിപ്പല്‍ കൗണ്‍സിലറുടെയും അയല്‍വീടുകളിലും പൊലീസ് അതിക്രമം. പ്രതിയെ പിടികൂടാന്‍ എത്തിയ തൃക്കാക്കര എസ്.ഐ വിപിന്‍ ദാസിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് കാക്കനാട് കമ്പിവേലിക്കകം കോളനിയില്‍ കൗണ്‍സിലര്‍ കെ.എ. നജീബിന്‍െറ തറവാട്ട് വീട്ടിലും അയല്‍ വീടുകളിലും അതിക്രമം കാട്ടിയതായാണ് പരാതി. വീട്ടിലേക്ക് പൊലീസ് കയറിയതിനെ തുടര്‍ന്ന് ഭയന്നോടി വീണ് പരിക്കേറ്റ കൗണ്‍സിലറുടെ മാതാവും അയല്‍ വീട്ടിലെ വീട്ടമ്മയും കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. 24ന് വ്യാഴാഴ്ച വൈകുന്നേരം കോളനിക്ക് സമീപത്തെ ലോഡ്ജില്‍ താമസിക്കുന്ന യുവതിയെ കൊണ്ടുവിടാന്‍ ബൈക്കിലത്തെിയ യുവാവിനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൈയേറ്റം ചെയ്തതാണ് സംഭവങ്ങള്‍ക്ക് തുടക്കം. തൃപ്പൂണിത്തുറ സ്വദേശിയായ യുവാവ് പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒളിവില്‍ പോയ യുവാവിനെ കണ്ടത്തൊനാണ് പൊലീസ് കോളനിയില്‍ എത്തിയത്. തൃക്കാക്കര എസ്.ഐയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ദിവസം കോളനിയിലത്തെിയ പൊലീസ് സംഘം, വനിതാ പൊലീസില്ലാതെ സ്ത്രീകള്‍ മാത്രമുള്ള സമയം പരിശോധന നടത്തുകയായിരുന്നു. ആണുങ്ങള്‍ ജുമുഅ നമസ്കാരത്തിനായി പള്ളിയിലായിരുന്നു. വീട്ടില്‍ പ്രസവിച്ച് കിടക്കുന്ന യുവതി ഉള്‍പ്പെടെ പൊലീസ് നടപടിയില്‍ ഭയന്നുവിറച്ചു. കുട്ടികള്‍ നിലവിളിച്ചോടി. കഞ്ഞിക്കലവുമായി അടുക്കളയിലേക്ക് കയറിയ വീട്ടമ്മ വീണ് പൊള്ളലേറ്റു ചികിത്സയിലാണ്. അടുക്കളയില്‍ കയറി പൊലീസ് ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ തട്ടിത്തെറിപ്പിച്ചായിരുന്നു പൊലീസ് അതിക്രമം കാട്ടിയതെന്നാണ് പരാതി. പൊലിസ് അതിക്രമം കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ നൂര്‍ജഹാനും ലൈലയും ആല്‍വിയുമാണ് ചികിത്സയിലുള്ളത്. വീടുകളില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച എസ്.ഐക്കും പൊലീസുകാര്‍ക്കുമെതിരെ തൃക്കാക്കര അസി. പൊലീസ് കമീഷണര്‍ക്കും പൊലീസ് കംപ്ളെയ്ന്‍റ് അതോറിറ്റിക്കും ശിശുക്ഷേമ സമതിക്കും സ്ത്രീകളും കുട്ടികളും പരാതി നല്‍കി. ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് സി.പി.എം കളശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി. ഷണ്‍മുഖന്‍, എ.ഡി. സുജില്‍, കെ.എ.നജീബ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.