ഓരോ പഞ്ചായത്തിലും ഓരോ കുളം നവീകരിക്കുന്നു

കൊച്ചി: ജില്ലയിലെ എല്ലാ പഞ്ചായത്തിലും ഒരു കുളം വീതം സംരക്ഷിക്കുന്ന മാതൃക പദ്ധതി നടപ്പാക്കുമെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം. കുളം ശുദ്ധീകരിച്ച് ബയോ ഫെന്‍സിങ് നടത്തി പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുത്തും. ഒരു പഞ്ചായത്തിന് ഒരു ലക്ഷം രൂപ വരെ അനുവദിക്കാം. താല്‍പര്യമുള്ള നഗരസഭകള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 31ന് ആലോചന യോഗമുണ്ടാകും. ജനുവരി 13ന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജലസംരക്ഷണത്തിനായി ഒരു കോടി രൂപ ചെലവിടുന്ന ജില്ല കലക്ടറുടെ പ്രത്യേക പദ്ധതി പ്രകാരമാണിത് നടപ്പാക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. മലയാറ്റൂര്‍ മേഖലയില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടായ സംഭവം ജോസ് തെറ്റയില്‍ എം.എല്‍.എ സമിതിയില്‍ ഉന്നയിച്ചു. ഇതിന് പരിഹാരമായി സോളാര്‍ ഫെന്‍സിങ് നടപ്പാക്കാവുന്നതാണെന്നും എന്നാല്‍, ഫണ്ടിന്‍െറ ലഭ്യതയാണ് പ്രശ്നമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫണ്ടിന്‍െറ ലഭ്യത അനുസരിച്ച് കാട്ടാന ശല്യമുള്ള പ്രദേശങ്ങളില്‍ സോളാര്‍ ലൈറ്റ് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. നിലീശ്വരം നടുവട്ടം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് 30ന് ഉദ്യോഗസ്ഥതല യോഗം വിളിക്കാനും തീരുമാനമായി. കണ്ടക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചെല്ലാനം പഞ്ചായത്തിലേക്ക് എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ആംബുലന്‍സ് വാങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമകൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ചര്‍ച്ചചെയ്യാന്‍ പി.ഡബ്ള്യൂ.ഡി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക സുരക്ഷാ നിധി ഉപയോഗപ്പെടുത്തി ഗ്രാമീണ മേഖലയില്‍ ആശുപത്രികള്‍ക്ക് സ്പൈന്‍ ബോര്‍ഡും വീല്‍ചെയറും വിതരണം ചെയ്യാന്‍ ഡി.എം.ഒക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറിയില്‍ കല്ലും മണ്ണും കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിക്കും. എച്ച്.എം.ടി കവലയില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നത് പരിശോധിക്കും. പന്തപ്ര കോളനിയില്‍ 66 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. എം.എല്‍.എമാരായ ഹൈബി ഈഡന്‍, ലൂഡി ലൂയിസ്, ടി.യു. കുരുവിള, ബെന്നി ബഹനാന്‍, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.