ലീഗ് ഓഫിസില്‍ സംഘര്‍ഷം; സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു

മട്ടാഞ്ചേരി: മുസ്ലിം ലീഗ് മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയില്‍ ഏറക്കാലമായി തുടര്‍ന്ന വിഭാഗീയത ഇന്നലെ കൂട്ടത്തല്ലില്‍ കലാശിച്ചു. വ്യാഴാഴ്ച ചേര്‍ന്ന 13ാം ഡിവിഷന്‍ ലീഗ് കമ്മിറ്റിക്കിടയിലാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഡിവിഷന്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. ഡിവിഷന്‍ സെക്രട്ടറിയും മരക്കടവ് സ്വദേശിയുമായ ടി.കെ. സിദ്ദീഖ് (48) ചന്ദനപ്പള്ളി സ്വദേശി ടി.യു. ഹനീഫ് (56) ചിത്ത് പറമ്പ് സ്വദേശി കെ.എച്ച്. റിയാസ് (39) എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഡിവിഷന്‍ പ്രസിഡന്‍റായിരുന്ന എം.എ. മജീദിന്‍െറ മരണശേഷം പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ട്രഷററായിരുന്ന അനസ് കളരിക്കലിന് താല്‍ക്കാലികമായി ചുമതല നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പ് കമ്മിറ്റി വിളിച്ച് നിലവിലെ വൈസ് പ്രസിഡന്‍റായിരുന്ന എന്‍.എ. താഹയെ കമ്മിറ്റി പ്രസിഡന്‍റായി തെരഞ്ഞെടുത്തിരുന്നു. മരിച്ചവരും രോഗബാധിതരുമായി കഴിയുന്ന ആളുകളെ ഒഴിവാക്കി 28 പേരില്‍ 22 പേര്‍ ചേര്‍ന്നാണ് താഹയെ പ്രസിഡന്‍റാക്കിയത്. ഫോട്ടോ ഉള്‍പ്പെടെ പാര്‍ട്ടി പത്രത്തില്‍ വാര്‍ത്തയും വന്നു. യോഗത്തില്‍ പങ്കെടുക്കാതിരുന്നവര്‍ ചേര്‍ന്ന് വൈകാതെ അനസ് കളരിക്കലിനെ ഡിവിഷന്‍ പ്രസിഡന്‍റായി പ്രഖ്യാപിച്ച് ഫോട്ടോയും വാര്‍ത്തയും നല്‍കി. ഇത് ഒരു വിഭാഗത്തെ അമ്പരപ്പിച്ചു. ഒൗദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട താഹയുടെ സ്ഥാനത്ത് അനസിന്‍െറ പേര് വന്നത് അവരെ ചൊടിപ്പിച്ചിരുന്നു. മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്‍റ് അക്ബര്‍ ബാദുഷയുടെ നോമിനിയായിരുന്നു അനസ്. എന്നാല്‍, കമ്മിറ്റി അംഗങ്ങള്‍ക്ക് മെമ്മോ നല്‍കി വിളിച്ച യോഗത്തില്‍ നിന്നും വിട്ടുനിന്നവരാണ് ഇതിനു പിന്നിലെന്ന് അണികള്‍ക്ക് വ്യക്തമായി. വ്യാഴാഴ്ച വൈകുന്നേരം 6.30ന് കൊച്ചങ്ങാടിയിലെ ഡിവിഷന്‍ കമ്മിറ്റി ഓഫിസില്‍ താഹയുടെ നേതൃത്വത്തില്‍ കമ്മിറ്റികൂടിക്കൊണ്ടിരിക്കെ അക്ബര്‍ ബാദുഷയുടെ നേതൃത്വത്തില്‍ ഒരു സംഘം എത്തി. കമ്മിറ്റി കൂടിക്കൊണ്ടിരിക്കയാണെന്ന് ജനറല്‍ സെക്രട്ടറി ടി.കെ. സിദ്ദീഖ് അവരെ അറിയിച്ചു. അനസാണ് പ്രസിഡന്‍റ് ഞങ്ങള്‍ കമ്മിറ്റി കൂടാനാണ് വന്നതെന്ന് പറയുകയും മിനിറ്റ്സ് ബുക് വലിച്ചെറിയുകയും ചെയ്തു. ഇതോടെ പ്രശ്നം വഷളായി കൂട്ടത്തല്ലായി മാറി. ഇതിനിടെ ലീഗ് അണികള്‍ ഇരു ചേരികളായി തിരിഞ്ഞ് ഉന്തും തള്ളുമായി. വന്നവരുടെ കൂട്ടത്തില്‍ ഗുണ്ടകളുമുണ്ടായിരുന്നതായി സിദ്ദീഖ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.