ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിലെ കുന്നത്തേരി ദാറുസ്സലാം മേഖലയില്‍ അനധികൃത ആക്രിക്കച്ചവട സ്ഥാപനങ്ങള്‍ നാട്ടുകാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് പരാതി. ആക്രിക്കച്ചവട സ്ഥാപനങ്ങള്‍ മാലിന്യ-കൊതുക് വളര്‍ത്തുകേന്ദ്രമായി മാറിയിരിക്കുകയാണ്. ദാറുസ്സലാം മേഖലയില്‍ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരുന്നതായും നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തില്‍ പരാതിപ്പെട്ടിട്ട് നടപടിയില്ലാതായതോടെ മനുഷ്യാവകാശ കമീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍. ദാറുസ്സലാം-കുന്നത്തേരി റോഡിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ആക്രിക്കച്ചവട കേന്ദ്രമാണ് മാലിന്യത്തിന്‍െറയും കൊതുക് ശല്യത്തിന്‍റെയും പ്രധാന കേന്ദ്രമെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് സമീപവാസിയായ തേറോത്ത് വീട്ടില്‍ അബ്ദുല്‍ കരീം ചൂര്‍ണിക്കര പഞ്ചായത്തിലും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കി യിരുന്നു. ആക്രിക്കച്ചവട കേന്ദ്രത്തില്‍ നൂറുകണക്കിന് പഴയ ടയറുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്നു. ഇത് ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങള്‍ക്ക് ഇടയാക്കിയെന്ന് പരാതിയില്‍ പറയുന്നു. മുപ്പതോളം ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുണ്ടെന്നാണ് അറിവ്. ആക്രി സാധനങ്ങള്‍ കൂടാതെ ജോലിക്കാരുടെ താമസത്തിനായുള്ള ഷെഡ്ഡുകളും കൊണ്ട് ഇവിടം നിറഞ്ഞിരിക്കു കയാണ്. അടുത്തകാലത്താണ് ആക്രിക്കച്ചവടത്തോടൊപ്പം പഴയ ടയറുകള്‍ മുറിച്ച് തരംതിരിച്ചും ഇരുമ്പ് വേര്‍തിരിച്ചും കയറ്റി അയക്കുന്ന ജോലി ഇവിടെ തുടങ്ങിയത്. ദിവസവും നൂറുകണക്കിന് ടയറുകളാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തിക്കുന്നതും കുപ്പികളിലെ പഴകിയ ദ്രാവകങ്ങള്‍ ഇവിടെ തന്നെ തള്ളുന്നതും അന്തരീക്ഷ മലിനീകരണത്തിനും ദുര്‍ഗന്ധത്തിനും ഇടയാക്കുന്നുണ്ട്. ദ്രാവകങ്ങള്‍ കെട്ടിക്കിടന്ന് സമീപ കിണറുകളിലെ വെള്ളം മലിനമായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ആക്രിസാധനങ്ങള്‍ കൊണ്ടുവരാനായി ഭാരവാഹനങ്ങള്‍ നിത്യേന വന്നുപോകുന്നത് റോഡ് തകരുന്നതിനും കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതിനും കാരണമാകുന്നു. പലതവണ പഞ്ചായത്തിലും മറ്റും പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ എടുത്തില്ളെന്ന് ആക്രിക്കടയുടെ സമീപത്തെ താമസക്കാര്‍ പറയുന്നു. ഡെങ്കിപ്പനി ബാധിച്ച് പ്രദേശത്ത് ഒരാള്‍ മരിച്ചിരുന്നു. എന്നിട്ടും അധികൃതര്‍ക്ക് അനക്കമൊന്നുമുണ്ടായില്ല. പിന്നീട്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് പഞ്ചായത്ത്, ഡി.എം.ഒ തുടങ്ങിയവര്‍ക്ക് നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. നിലവില്‍ മനുഷ്യാവകാശ കമീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് സമീപവാസികള്‍. പഞ്ചായത്ത് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കലക്ടര്‍ അടക്കമുള്ള ആളുകള്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍. പ്രദേശത്തിന്‍െറ ആരോഗ്യസ്ഥിതി തന്നെ അപകടത്തിലാക്കുന്ന ആക്രിക്കടകള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ആക്രിവ്യാപാരികളില്‍ നിന്ന് രാഷ്ട്രീയക്കാര്‍ വന്‍തുക സംഭാവന വാങ്ങിയതായും പ്രവര്‍ത്തനം തുടരാനുള്ള അനുമതി വാഗ്ദാനം ചെയ്തതായും നാട്ടുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.