ആലുവയിലെ മെട്രോ ലേബര്‍ ക്യാമ്പ്: അന്തിമ തീരുമാനം ഇന്ന്

ആലുവ: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ തൊഴിലാളികളുടെ ലേബര്‍ ക്യാമ്പിന്‍െറ കാര്യത്തില്‍ ശനിയാഴ്ച അന്തിമ തീരുമാനമെടുക്കും. നഗരത്തിലെ ഡെങ്കിപ്പനി അടക്കമുള്ള വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗം ശനിയാഴ്ചയാണ് നടക്കുന്നത്. ഇതില്‍ ലേബര്‍ ക്യാമ്പ് സംബന്ധിച്ച ചര്‍ച്ചയുണ്ടാകും. പ്രതിപക്ഷം ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് അടിയന്തര കമ്മിറ്റി വിളിച്ചിട്ടുള്ളത്. പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈപാസ് കവലയില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചത്. പഴയ വീട്ടില്‍ നൂറിലധികം ആളുകളെയാണു താമസിപ്പിച്ചിരുന്നത്. നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. നഗരസഭക്ക് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ പറഞ്ഞതായി ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം പറഞ്ഞു. വ്യാഴാഴ്ച രാത്രി 50 ഓളം തൊഴിലാളികളെ മെട്രോ അധികൃതര്‍ ഇവിടെനിന്നും മാറ്റിയിട്ടുണ്ട്. 25 പേരെ മാത്രമേ ഇവിടെ താമസിപ്പിക്കാന്‍ പാടുള്ളൂവെന്നാണു നഗരസഭയുടെ തീരുമാനം. അതില്‍ കൂടുതല്‍ പേരെ പാര്‍പ്പിച്ചാല്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് അറിയിച്ചിട്ടുണ്ട്. പരിസരം ശുചീകരിച്ചതായാണ് മെട്രോ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതടക്കമുള്ള കാര്യങ്ങള്‍ ശനിയാഴ്ച സെക്രട്ടറി പരിശോധിക്കും. പരിശോധന ഫലം തൃപ്തികരമാണെങ്കില്‍ മാത്രമേ ലേബര്‍ ക്യാമ്പ് തുടരാന്‍ അനുവദിക്കൂ. തൊഴില്‍ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ലേബര്‍ ഡിപാര്‍ട്മെന്‍റിനോടാവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഡെങ്കിപ്പനി പടര്‍ന്നിട്ടുള്ളൂവെന്നാണ് ഒൗദ്യോഗിക പരിശോധനാ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഇതിനിടയില്‍ വൃത്തിഹീനമായി കിടന്ന ലേബര്‍ ക്യാമ്പ് പരിസരം മെട്രോ അധികൃതരുടെയും കരാറുകാരായ എല്‍ ആന്‍ഡ് ടി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ശുചീകരിച്ചു. നിയമാനുസൃതമായ രീതിയില്‍ മാത്രമാണ് തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് എല്‍ ആന്‍ഡ് ടി എച്ച്.ആര്‍.മാനേജര്‍ അന്‍പഴകന്‍ പറഞ്ഞു. നഗരസഭക്ക് എതിര്‍പ്പുണ്ടെങ്കില്‍ ലേബര്‍ ക്യാമ്പ് ഒഴിവാക്കും. തൊഴിലാളികളെ താമസിപ്പിക്കാന്‍ മറ്റൊരു സ്ഥലം നോക്കുന്നുണ്ട്. തൊഴിലാളികള്‍ കുളിച്ച ശേഷമുള്ള വെള്ളം കെട്ടിക്കിടന്നതാണ് പ്രശ്നമായത്. ഇതൊഴിവാക്കാന്‍ ഭൂമിക്കടിയില്‍ വലിയ ടാങ്ക് സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.