ആലുവയില്‍ ഡെങ്കിപ്പനി പടരുന്നു

ആലുവ: നഗരത്തില്‍ ഡെങ്കിപ്പനി പടരുന്നു. നിരവധിപേര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ , സ്വകാര്യ ആശുപത്രികളിലായി നിരവധിപേര്‍ ചികിത്സ തേടി. പലതരം പനികളും പ്രദേശത്ത് പരക്കുന്നുണ്ട്. ബൈപാസ് കവല, പുളിഞ്ചോട്, ബാങ്ക് കവല, ചെമ്പകശ്ശേരി, കുന്നുംപുറം ബോയ്സ് സ്കൂള്‍ പരിസരം, തോട്ടക്കാട്ടുകര, പറവൂര്‍ കവല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഡെങ്കി പടരുകയാണ്. നഗരസഭ അധികൃതരും ആരോഗ്യ വിഭാഗം ജീവനക്കാരും അനാസ്ഥകാണിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗം ശനിയാഴ്ച രാവിലെ ചേരുമെന്ന് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം പറഞ്ഞു. ബൈപാസ് കവലയിലെ മെട്രോ തൊഴിലാളികള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്‍െറ ആരോപണത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ടിമ്മി ടീച്ചറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. തൊഴിലാളികള്‍ വൃത്തിഹീനമായ സ്ഥലത്ത് കിടന്നുറങ്ങുന്ന കാഴ്ചയാണ് അധികൃതരെ വരവേറ്റത്. വൃത്തിഹീനമായ സാഹചര്യത്തില്‍ 160 ഓളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. താമസിക്കുന്ന വീടിനോട് ചേര്‍ന്ന പരിസരം വൃത്തിഹീനമാണ്. സെപ്റ്റിക് ടാങ്ക് തുറന്നുകിടക്കുകയാണ്. തൊഴിലാളികളില്‍ പലര്‍ക്കും പനി ബാധിച്ചിട്ടുണ്ടെന്നും കണ്ടത്തെി. തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ അറിയാമെങ്കിലും മെട്രോ അധികൃതര്‍ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല. ലേബര്‍ ക്യാമ്പ് 24 മണിക്കൂറിനകം അടച്ച് പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കെട്ടിട ഉടമയോട് വിശദീകരണവും തേടിയിട്ടുണ്ട്. ജില്ല കലക്ടര്‍, ഡി.എം.ഒ, ജില്ലാ ആശുപത്രി സൂപ്രണ്ട് , മെട്രോ അധികൃതര്‍ തുടങ്ങിയവര്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.