നെടുങ്ങാലചിറ എന്ന രോഗാണു വളര്‍ത്തുകേന്ദ്രം

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ മിനിക്കവല 19ാം വാര്‍ഡിലെ നെടുങ്ങാലചിറ രോഗാണു വളര്‍ത്തുന്ന വെള്ളക്കെട്ടായി മാറിയെന്ന് ആക്ഷേപം. കൊള്ളിമുകള്‍ ഹരിജന്‍ കോളനി നിവാസികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത് ചിറയിലെ വെള്ളമാണ്. സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം ഉറവെടുക്കുന്നത് ചിറയില്‍ നിന്നാണ്. വര്‍ഷങ്ങളായി ചിറ നന്നാക്കാത്തതാണ് മലീനസമാകാന്‍ കാരണം. പെരിയാര്‍വാലി കനാല്‍ വെള്ളം ചിറയിലേക്ക് വന്നിരുന്ന തോട് ചില വ്യക്തികള്‍ കൈയേറിയതുമൂലം ചിറയുടെ സമീപം അഴുക്കു വെള്ളം കെട്ടികിടക്കുന്ന വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിലെ അഴുക്കു വെള്ളം മുഴുവന്‍ ചിറയിലേക്ക് ഒഴുകുകയാണ്. ചിറകളുടെ സംരക്ഷണത്തിന് വന്‍ തുക സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെങ്കിലും നിരവധിയാളുകള്‍ ആശ്രയിക്കുന്ന നെടുങ്ങാലചിറ നന്നാക്കാന്‍ ഇതുവരെ തയാറായിട്ടില്ല. മുന്‍ പഞ്ചായത്ത് ഭരണാധികാരികള്‍ക്കും ഗ്രാമസഭകള്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ എന്‍.സി.പി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാകലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തോടു കൈയേറ്റം ഒഴിപ്പിച്ച് അടിയന്തരമായി നന്നാക്കിയില്ളെങ്കില്‍ ശക്തമായ സമരം നടത്താല്‍ എന്‍.സി.പി കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ പാര്‍ട്ടി വാര്‍ഡ് പ്രസിഡന്‍റ് ഒ.കെ. നവാസ് അധ്യക്ഷത വഹിച്ചു. പി.എച്ച്. റെജീബ്, ടി. ബി. അഫ്സല്‍ പി.എ. അന്‍സാര്‍, പി.എസ്. മൊയ്തീന്‍ ഷാ, പി.എ. മന്‍സൂര്‍, എ.ഐ. ഷെഫീക്ക്, ടി.ബി. മുഹമ്മദ് ഷാ, ടി.എ. നൗഷാദ്, എം.എം. തസ്ലീം, എം.കെ. നിയാസ്, ടി.എച്ച്. മുജീബ്, നൗഷാദ് മലയില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.