ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തനം കാര്യക്ഷമമാക്കും –മേയര്‍

കൊച്ചി: ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള കര്‍മപരിപാടിക്ക് രൂപം നല്‍കാന്‍ മേയര്‍ സൗമിനി ജയിനിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഖരമാലിന്യ പ്ളാന്‍റില്‍ കൂട്ടിയിട്ടിരിക്കുന്ന പ്ളാസ്റ്റിക് അടക്കമുള്ള എല്ലാത്തരം മാലിന്യവും ഏറ്റവും കുറഞ്ഞ അളവിലാണ് നിലവില്‍ ഉള്ളതെന്ന് യോഗം വിലയിരുത്തി. പ്ളാന്‍റിന്‍െറ പ്രവര്‍ത്തനത്തിന് സഹായകരമായ രീതിയില്‍ 30 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള ഷെഡ് പണിയാന്‍ തീരുമാനിച്ചു. പ്ളാന്‍റിന്‍െറ കോമ്പൗണ്ട് വാള്‍ നിര്‍മാണവും പുതിയ ഗേറ്റ് സ്ഥാപിക്കലും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്ളാന്‍റിന് ചുറ്റും ബഫര്‍ സോണ്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. പുതിയ ഖരമാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ നിര്‍മാണം പൂര്‍ത്തിയായതിനുശേഷമേ മാലിന്യം സ്വീകരിക്കേണ്ടതുള്ളൂവെന്നും തീരുമാനിച്ചു. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വാഹനങ്ങളിലെയും വെഹിക്ക്ള്‍ ട്രാക്കിങ് സംവിധാനം കാര്യക്ഷമമാക്കും. യോഗത്തില്‍ മേയര്‍ സൗമിനി ജയിന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.ബി. സാബു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മിനിമോള്‍ വി.കെ, മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.എം. ഹാരിസ്, സെക്രട്ടറി അമിത് മീണ, അഡീഷനല്‍ സെക്രട്ടറി എ.എസ്. അനൂജ, സൂപ്രണ്ടിങ് എന്‍ജിനീയര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.