ആലുവ: കീഴ്മാട് പഞ്ചായത്തില്‍ കുളമ്പുരോഗം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ക്ഷീരകര്‍ഷകര്‍ ഭീതിയില്‍. ക്ഷീരകര്‍ഷകര്‍ എറെയുള്ള പഞ്ചായത്താണ് കീഴ്മാട്. എടയപ്പുറം, കീഴ്മാട്, കുട്ടമശ്ശേരി, കുന്നശ്ശേരി പള്ളം എന്നിവിടങ്ങളിലെ എതാനും പശുക്കളിലും പശുക്കിടാക്കളിലുമാണ് കുളമ്പുരോഗ ബാധ കണ്ടത്തെിയത്. കുട്ടമശ്ശേരിയിലാണ് കൂടുതല്‍ കാലികളിലും കിടാവുകളിലും രോഗം കണ്ടത്തെിയത്. കുളമ്പുരോഗം പിടിപെട്ട് പശുക്കളും പശുക്കിടാക്കളും ചത്തതായി നാട്ടുകാര്‍ പറയുന്നു. കുട്ടമശ്ശേരി സ്വദേശി കുഞ്ഞുമുഹമ്മദിന്‍െറ പശുവും കിടാവും ചത്തിരുന്നു. കുന്നശ്ശേരി പള്ളത്ത് മണിയുടെ മൂന്നു പശുക്കളും ചത്തു. ക്ഷീരകര്‍ഷകര്‍ ലോണെടുത്ത് വാങ്ങിയ പശുക്കളാണ് ഇത്തരത്തില്‍ രോഗം ബാധിച്ച് ചാവുന്നത്. കുട്ടമശ്ശേരി സ്വദേശികളായ രവിയുടെ ഒമ്പതോളം പശുക്കിടാക്കള്‍ക്കും റസീനയുടെ ആറുമാസം ഗര്‍ഭിണിയായ പശുവിനും കുമാരന്‍, വിജയന്‍ എന്നിവരുടെ പശുക്കള്‍ക്കും നൗഷാദിന്‍െറ കാളയ്ക്കും അസുഖം പിടിപെട്ടിട്ടുണ്ട്. ദിവസവും ആയിരത്തോളം രൂപയാണ് ചികിത്സക്കായി കര്‍ഷകര്‍ക്ക് ചെലവാകുന്നത്. കീഴ്മാട് മൃഗാശുപത്രിയില്‍ ആവശ്യമായ മരുന്ന് ഇല്ലാത്തതിനാല്‍ പുറമെനിന്ന് കൂടിയ വിലക്ക് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ആശുപത്രിയില്‍ വാഹന സൗകര്യമില്ലാത്തതിനാല്‍ ഡോക്ടര്‍മാരെ കൊണ്ടുവരുന്നതിനും പണച്ചെലവുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കീഴ്മാട് മൃഗാശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും വാഹനസൗകര്യമുള്‍പ്പെടെ നല്‍കി പ്രത്യേക സ്ക്വാഡുകളെ ഈ സ്ഥലങ്ങളില്‍ നിയമിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പശുക്കള്‍ ചത്തതുവഴി നഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഏകദേശം രണ്ടാഴ്ച മുമ്പാണ് പ്രദേശത്ത് കുളമ്പുരോഗം കണ്ടുതുടങ്ങിയതെന്ന് കീഴ്മാട് മൃഗാശുപത്രിയിലെ ഡോ. ഷറഫുദ്ദീന്‍ പറഞ്ഞു. കുട്ടമശ്ശേരി ഭാഗത്താണ് കൂടുതല്‍ പശുക്കള്‍ക്കും കിടാക്കള്‍ക്കും രോഗം കണ്ടത്തെിയത്. നിലവില്‍ രോഗം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.