മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചി കടല്‍ തീരത്ത് രൂപംകൊണ്ട മണല്‍ തിട്ടകള്‍ ജലയാനങ്ങള്‍ക്ക് അപകടകരമായ സാഹചര്യത്തില്‍ നീക്കം ചെയ്യാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് സബ് കലക്ടര്‍ എസ്. സുഹാസ്. പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് സബ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രൂപപ്പെട്ട മണല്‍ തിട്ടകള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയാത്ത രീതിയിലുള്ളതാണ്. പലപ്പോഴും യാനങ്ങള്‍ മണല്‍ തിട്ടയില്‍ ഇടിച്ചുകയറിയ ശേഷമായിരിക്കും അപകടം അറിയുക. നേരത്തേ ഒരു മത്സ്യബന്ധന യാനം തിട്ടയില്‍ ഇടിച്ചുകയറി പാടെ തകര്‍ന്നിരുന്നു. അതിനുപുറമെ മറ്റ് രണ്ട് മത്സ്യബന്ധനയാനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. കപ്പലുകളും മണല്‍ തിട്ടയില്‍ തട്ടി നിയന്ത്രണം വിടുന്നത് പതിവാണ്. കഴിഞ്ഞദിവസം ഡ്രഡ്ജിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മണ്ണുമാന്തി കപ്പലും മണല്‍ തിട്ടയില്‍ തട്ടി നിയന്ത്രണം വിട്ട് തീരത്തടുത്തിരുന്നു. ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ കൂടിയാണ് സബ് കലക്ടറുടെ ഇടപെടല്‍. തീരം ഡ്രഡ്ജിങ് നടത്തി മണല്‍ തിട്ടകള്‍ നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം കൊച്ചി തുറമുഖ ട്രസ്റ്റിനാണ്. അതിനാല്‍ ദുരന്തനിവാരണ വകുപ്പിലെ ഉത്തരവ് പ്രകാരം തുറമുഖ ട്രസ്റ്റ് അധികൃതര്‍ക്ക് അടിയന്തരമായി നോട്ടീസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.