കുത്തിവെപ്പ്: മെഡിക്കല്‍ കോളജില്‍ പുതിയ അന്വേഷണ സമിതി

കളമശ്ശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വെള്ളിയാഴ്ച കുത്തിവെപ്പിനിടയില്‍ രോഗികള്‍ക്ക് തളര്‍ച്ചയും ബോധക്ഷയവും ഛര്‍ദിയും ഉണ്ടായ സംഭവത്തില്‍ നേരത്തേ നിശ്ചയിച്ച നാലംഗ സമിതിയെ മാറ്റി പുതിയ സമിതിയെ നിശ്ചയിക്കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. സര്‍ജറി, ഫാര്‍മക്കോളജി, മൈക്രോ ബയോളജി തുടങ്ങിയ വകുപ്പ് മേധാവികളെ ഉള്‍പ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കുന്നത്. മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷ യുവജന സംഘടനക്കാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ കുത്തിവെപ്പിനിടയില്‍ ശാരീരിക ബുദ്ധിമുട്ടുണ്ടായ മുഴുവന്‍ പേരുടെയും ചികിത്സാചെലവ് മെഡിക്കല്‍ കോളജ് വഹിക്കുമെന്നും അധികൃതര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. പുതിയതായി നിയമിച്ച അന്വേഷണ സമിതി മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നാലിന് മെഡിസിന്‍ വിഭാഗത്തിലെ പത്ത് രോഗികള്‍ക്കാണ് കുത്തിവെപ്പിനിടയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഇവരെ പത്ത് പേരെയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കുഴിവേലിപ്പടി സ്വദേശിനി ഹൈറുന്നിസക്ക് രോഗം കലശലായതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തിനിടയില്‍ ഇവരെ വിദഗ്ധ ചികിത്സക്കായി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് ഇവരെ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് ഡെപ്യൂട്ടി സൂപ്രണ്ടും ഉള്‍പ്പെടുന്ന നാലംഗ സംഘത്തെ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ഒരു വിഭാഗം ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെഡിസിന്‍ വിഭാഗം മേധാവി അന്വേഷണ സമിതിയില്‍നിന്ന് ഒഴിവായി. തുടര്‍ന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പീറ്റര്‍ വാഴയില്‍, ഫാര്‍മക്കോളജി മേധാവി ഡോ. വീണ ശ്രീ, സ്റ്റോര്‍ സൂപ്രണ്ട് കൃഷ്ണന്‍ എന്നിവരടങ്ങിയ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിച്ചെങ്കിലും ഈ റിപ്പോര്‍ട്ടിന്‍െറ വിവരം പുറത്ത് വരുന്നതിന് തൊട്ട് പിന്നാലെ പുതിയ സമിതിക്ക് മെഡിക്കല്‍ കോളജ് അധികൃതര്‍ അന്വേഷണ ചുമതല നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.