ആലുവ നഗരസഭ : സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് മൂന്ന്, ഇടതിന് രണ്ട്

ആലുവ: നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. ധനകാര്യമൊഴികെയുള്ള അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ രണ്ടെണ്ണം ഇടതുപക്ഷം സ്വന്തമാക്കി. ഇടതുപക്ഷം ചോദിച്ചിട്ടും നല്‍കാതിരുന്ന വികസന കമ്മിറ്റി നറുക്കെടുപ്പിലൂടെ ഇടതിനുതന്നെ ലഭിച്ചു. സി.പി.ഐയിലെ ഓമന ഹരിയാണ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍. വിദ്യാഭ്യാസം, മരാമത്ത്, ക്ഷേമം, ആരോഗ്യം എന്നീ കമ്മിറ്റികളിലേക്ക് ഏകപക്ഷീയമായാണ് ചെയര്‍മാന്മാരെ തെരഞ്ഞെടുത്തത്. മരാമത്ത്, ക്ഷേമം, ആരോഗ്യം എന്നിവയിലെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. ക്ഷേമകാര്യത്തില്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ വി. ചന്ദ്രന്‍, മരാമത്ത് കമ്മിറ്റിയില്‍ മൂസാക്കുട്ടി, ആരോഗ്യത്തില്‍ ടിമ്മി ടീച്ചര്‍ എന്നിവരാണ് ചെയര്‍മാന്‍മാര്‍. ഇടതുപക്ഷത്തിന് ലഭിച്ച വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ സി.പി.എമ്മിലെ മുതിര്‍ന്ന കൗണ്‍സിലര്‍ ലോലിത ശിവദാസന്‍ ചെയര്‍പേഴ്സണായി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അധ്യക്ഷയാകുന്ന ധനകാര്യത്തില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വികസനകാര്യത്തില്‍ രണ്ടുവീതം സീറ്റുകള്‍ ഭരണപക്ഷമായ കോണ്‍ഗ്രസിനും പ്രതിപക്ഷമായ എല്‍.ഡി.എഫിനും ലഭിച്ചിരുന്നു. ക്ഷേമം, ആരോഗ്യം, മരാമത്ത് എന്നിവയിലും കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ വിദ്യാഭ്യാസത്തില്‍ ഇടതുപക്ഷത്തിനാണ് ഭൂരിപക്ഷം ലഭിച്ചിരുന്നത്. വിദ്യാഭ്യാസം, വികസനം എന്നീ കമ്മിറ്റികള്‍ ഇടതുപക്ഷം നേരത്തേ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസം മാത്രമാണ് പ്രതിപക്ഷത്തിന് നല്‍കാന്‍ ഭരണപക്ഷം തയാറായിരുന്നത്. ഇതേതുടര്‍ന്ന് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഇടതുപക്ഷത്തെ രാജീവ് സഖറിയ, മിനി ബൈജു, പി.സി. ആന്‍റണി എന്നിവര്‍ പത്രിക നല്‍കിയിരുന്നു. ചൊവ്വാഴ്ചയും സമവായത്തില്‍ എത്താന്‍ കഴിയാതെവന്നതോടെ അഞ്ചംഗ കമ്മിറ്റിയിലേക്ക് ഇവരെ മൂന്നുപേരെക്കൂടി തെരഞ്ഞെടുക്കേണ്ടിവന്നു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിലെ ലീന ജോര്‍ജ്, ലിജി ജോയ്, ഇടതുപക്ഷത്തെ ഷൈജി രാമചന്ദ്രന്‍, ഓമന ഹരി എന്നിവരാണുള്ളത്. രണ്ട് വീതം അംഗങ്ങളായതിനാലാണ് ഇവിടെ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളാണ് ഈ കമ്മിറ്റിയുടെ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ വിളിച്ച പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍നിന്ന് നേതൃത്വവുമായി ഉടക്കിനില്‍ക്കുന്ന മുതിര്‍ന്ന കൗണ്‍സിലര്‍ കെ.വി. സരള വിട്ടുനിന്നിരുന്നു. പിന്നീട് ഇവരെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചില്ല. ഇതുമൂലം പ്രധാന കമ്മിറ്റികളിലൊന്നായ വികസനത്തില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. നേരിയ ഭൂരിപക്ഷം മാത്രമുള്ള കൗണ്‍സിലില്‍ ഇതടക്കമുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് വലിയ തലവേദനയാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിലെ ലളിത ഗണേശന്‍, വി. ചന്ദ്രന്‍, ജെബി മത്തേര്‍ ഹിഷാം എന്നിവരും ബി.ജെ.പിയിലെ എ.സി. സന്തോഷ്കുമാറുമാണുള്ളത്. വിദ്യാഭ്യാസ കമ്മിറ്റിയില്‍ ഇടതുപക്ഷത്തെ ലോലിത ശിവദാസന്‍, സാജിത സഗീര്‍, ശ്യാം പത്മനാഭന്‍ എന്നിവരെക്കൂടാതെ കോണ്‍ഗ്രസിലെ സരളയും അംഗമാണ്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഇടതുപക്ഷത്തെ മനോജ് ജി. കൃഷ്ണന്‍, കോണ്‍ഗ്രസിലെ എം.ടി. ജേക്കബ്, ടിമ്മി ടീച്ചര്‍, കോണ്‍ഗ്രസ് വിമതന്‍ സെബി വി. ബാസ്റ്റ്യന്‍ എന്നിവരാണ് അംഗങ്ങള്‍. മരാമത്തില്‍ കോണ്‍ഗ്രസിലെ ജെറോം മൈക്കിള്‍, മൂസാക്കുട്ടി, ടെന്‍സി വര്‍ഗീസ് എന്നിവരും കോണ്‍ഗ്രസ് വിമതനായ എ. ജയകുമാറുമാണ് അംഗങ്ങള്‍. ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള വിദ്യാഭ്യാസ കമ്മിറ്റിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കിനില്‍ക്കുന്ന കെ.വി. സരള എത്തിപ്പെട്ടതും കോണ്‍ഗ്രസിന് ദോഷമായേക്കും. മരാമത്തില്‍ മൂസാക്കുട്ടിക്ക് രണ്ടര വര്‍ഷത്തേക്കാണ് ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ബാക്കി രണ്ടര വര്‍ഷം ജെറോം മൈക്കിളായിരിക്കും ചെയര്‍മാന്‍. വരണാധികാരി ഡി.ഇ.ഒ ഒ.കെ. കാര്‍ത്യായിനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.