മാനാറി–കീഴില്ലം റോഡ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു

മൂവാറ്റുപുഴ: ഒരുവര്‍ഷം മുമ്പ് ആരംഭിച്ച മാനാറി-കീഴില്ലം റോഡിന്‍െറ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. പി.ജി.എം.ആര്‍.വൈ പദ്ധതിയില്‍പെടുത്തി ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒന്നര കോടി ചെലവില്‍ ആരംഭിച്ച റോഡിന്‍െറ നിര്‍മാണമാണ് മൂന്നുമാസം മുമ്പ് പാതിവഴിയില്‍ നിലച്ചത്. പായിപ്ര, രായമംഗലം പഞ്ചായത്തുകളിലൂടെ പോകുന്ന അഞ്ച് കിലോമീറ്റര്‍ റോഡിന് രണ്ടര കിലോമീറ്ററിന്‍െറ നിര്‍മാണത്തിനായിരുന്നു ഫണ്ട് അനുവദിച്ചത്. സഞ്ചാരയോഗ്യമല്ലാതായ റോഡ് വീതികൂട്ടിയും സൈഡ് കെട്ടിയും ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യാനായിരുന്നു പദ്ധതി തയാറാക്കിയത്. ഇതനുസരിച്ച് സൈഡും കലുങ്കും കെട്ടി എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണവും പൂര്‍ത്തിയാക്കിയ ശേഷം ടാറിങ്ങിന് മെറ്റല്‍ വിരിച്ചശേഷമാണ് കോണ്‍ട്രാക്ടര്‍ പണി നിര്‍ത്തിപ്പോയത്. ഇതിനിടെ, പാറമടകളില്‍നിന്നുള്ള ടോറസുകളുടെ സഞ്ചാരം മൂലം നിര്‍മാണം നടത്തിയതെല്ലാം പഴയപടിയാവുകയും മെറ്റല്‍ ഇളകി തകര്‍ന്ന റോഡിലൂടെ കാല്‍നടപോലും ദുസ്സഹമാവുകയും ചെയ്തു. നിരവധി പാറമടകളും മെറ്റല്‍ ക്രഷറുകളും പ്രവര്‍ത്തിക്കുന്ന മാനാറി മേഖലയില്‍നിന്ന് എം.സി റോഡിലേക്ക് പോകുന്ന പ്രധാന റോഡാണിത്. ഗുണനിലവാരം പാലിക്കാതെ ചെയ്യുന്ന ടാറിങ് ആറുമാസം കഴിയുംമുമ്പ് തകരും. ഇതിനുപുറമെ നിര്‍മാണം പൂര്‍ത്തിയാക്കി അഞ്ചുവര്‍ഷം തികയുംമുമ്പ് തകര്‍ന്നാല്‍ കോണ്‍ട്രാക്ടറുടെ ചെലവില്‍ നിര്‍മിച്ചുനല്‍കേണ്ടിയും വരും. ഇതെല്ലാം മുന്നില്‍ കണ്ട് കോണ്‍ട്രാക്ടര്‍ പണി ഉപേക്ഷിച്ചതെന്നാണ് സൂചന. ഗുണനിലവാരം പാലിക്കണമെന്ന് ആവശ്യപ്പെട്ട് പണി നടക്കുന്നതിനിടെ നാട്ടുകാര്‍ രംഗത്തുവരുകയും ചെയ്തിരുന്നു. നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയതോടെ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഓട്ടോയടക്കം വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കാന്‍ തയാറാകുന്നില്ല. നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.