എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ ഹര്‍ത്താല്‍ സമാധാനപരം

വൈപ്പിന്‍: പുതുവൈപ്പ് കടല്‍ത്തീരത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ (ഐ.ഒ.സി) നിര്‍ദിഷ്ട പാചകവാതക സംഭരണകേന്ദ്രം (എല്‍.പി.ജി ടെര്‍മിനല്‍) നിര്‍മാണത്തിനെതിരെ സംഘടിപ്പിച്ച ഉപരോധത്തിലുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനല്‍വിരുദ്ധ സമരസമിതി ആഹ്വാനം ചെയ്ത എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഹര്‍ത്താല്‍ സമാധാനപരം. സ്വകാര്യബസുകള്‍ സര്‍വിസ് നടത്തിയില്ല. ഇതേ തുടര്‍ന്ന് കൊച്ചി നഗരം അടക്കം തെക്കുഭാഗത്തേക്കുള്ള യാത്രികര്‍ ഏറെ ബുദ്ധിമുട്ടി. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസുകള്‍ സര്‍വിസ് നടത്തിയത് ആശ്വാസമേകി. രാവിലെ മാലിപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഞാറക്കല്‍ പൊലീസ് എത്തി തടസ്സം നീക്കി. ഞാറക്കലില്‍ നടക്കുന്ന വൈപ്പിന്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തെയും ബാധിച്ചു. സ്വകാര്യബസുകള്‍ ഞാറക്കല്‍ മുതല്‍ വടക്കോട്ട് സര്‍വിസ് നടത്തി. എല്‍.പി.ജി ടെര്‍മിനല്‍വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ പ്രകടനം നടത്തി. ബുധനാഴ്ച സംഘടിപ്പിച്ച ഉപരോധത്തില്‍ ജനപ്രതിനിധികളും നേതാക്കളുമടങ്ങിയ ഉപരോധക്കാരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിലും എല്‍.പി.ജി സംഭരണ ടാങ്ക് നിര്‍മാണത്തിനെതിരെയും പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. ഉപരോധത്തില്‍ പങ്കെടുത്ത 46 പേര്‍ക്കെതിരെ കേസെടുത്തു. 2009ല്‍ തുടക്കമിട്ട പദ്ധതി എതിര്‍പ്പുമൂലം നിര്‍മാണം മുടങ്ങിക്കിടക്കുകയായിരുന്നു. തീരദേശ പരിപാലന നിയമം പോലും കാറ്റില്‍പ്പറത്തിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ടെര്‍മിനല്‍ നിര്‍മാണത്തിനൊരുങ്ങുന്നതെന്ന് സമരസമിതി കണ്‍വീനര്‍ കെ.എസ്. മുരളി പറഞ്ഞു. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി നിബന്ധനകള്‍ ലംഘിച്ചും പഞ്ചായത്ത് അനുമതിയില്ലാതെയുമുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ എല്‍.പി.ജി സംഭരണകേന്ദ്ര നിര്‍മാണം സര്‍ക്കാര്‍ തടയണമെന്നും സമിതി ആവശ്യപ്പെട്ടു. എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ പ്രകടനം നടത്തി. സമരസമിതി കണ്‍വീനര്‍ കെ.എസ്. മുരളി, പഞ്ചായത്തംഗങ്ങളായ സി.ജി. ബിജു ശ്രീദേവി രാജു, ഗിരിജ മുന്‍ അംഗങ്ങളായ സേവ്യര്‍ തുണ്ടിപ്പറമ്പില്‍, കെ.ഡി. ജോണ്‍സണ്‍, വിവിധ രാഷ്ട്രീയ നേതാക്കളായ ബിജു കണ്ണങ്ങനാട്ട് (കോണ്‍ഗ്രസ്), എന്‍.ആര്‍. സുധീര്‍ (സി.പി.ഐ എം.എല്‍ -റെഡ് സ്റ്റാര്‍), സുധീര്‍ (സി.പി.എം), ജോസി പി. തോമസ്, വി.യു. രാധാകൃഷ്ണന്‍ , പി.എ. അനില്‍, സേവ്യര്‍ ചെമ്മായത്ത്, പ്രദീപ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ജനകീയപ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസ് തേര്‍വാഴ്ചക്കെതിരെ ജനകീയ ഹര്‍ത്താല്‍ പൂര്‍ണവിജയമായിരുന്നെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.