ഡ്രൈവര്‍ ഉറങ്ങിയാല്‍ ഉണര്‍ത്താന്‍ കണ്ണട

മട്ടാഞ്ചേരി: ഡ്രൈവിങ്ങിനിടെ ഉറങ്ങുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കണ്ണടയുമായി യുവാക്കള്‍. മട്ടാഞ്ചേരി കൊച്ചങ്ങാടിയില്‍ അബ്ദുല്‍ അസീസ് നൈനയുടെയും അസീറയുടെയും മകന്‍ റിസ്വാന്‍ അസീസ് നൈന, തൃശൂര്‍ പാടൂരില്‍ പി.പി. മജീദ്-സഫിയ ദമ്പതികളുടെ മകന്‍ ഫൈസല്‍ മജീദ്, മട്ടാഞ്ചേരി സ്വദേശി സുബൈറിന്‍െറയും ഷാഹിദയുടെയും മകന്‍ സഞ്ജു എന്നിവരാണ് ഐ ബ്ളിങ്ക് ഇലക്ട്രോണിക് വയര്‍ലസ് ഗ്ളാസ് വികസിപ്പിച്ചെടുത്തത്. രാത്രിയിലെ അപകടരഹിത യാത്രക്കായാണ് കണ്ണട തയാറാക്കിയിരിക്കുന്നത്. വാഹനം ഓടിക്കവെ കണ്ണടച്ചുപോയാല്‍ മൂന്ന് സെക്കന്‍റ് കഴിയുമ്പോഴേക്കും കണ്ണടയില്‍നിന്ന് അലാറം മുഴങ്ങും. വണ്ടിയിലുള്ള മുഴുവന്‍ പേരെയും ഉണര്‍ത്താന്‍ ഉതകുംവിധമാണ് രൂപപ്പെടുത്തിയത്. കണ്ണട കമ്പ്യൂട്ടറില്‍ മൗസായും ഉപയോഗിക്കാം. തലയുടെ ചലനമനുസരിച്ച് മൗസ് പോയന്‍റ് ചലിപ്പിക്കാം എന്നതാണ് പ്രത്യേകത. കൈള്‍ ഇല്ലാത്തവര്‍ക്ക് തല കൊണ്ട് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തമായ രീതിയിലാണ് രൂപകല്‍പന.ഓര്‍ഡിനോ ബോര്‍ഡ്, അസല്ലറോമീറ്റര്‍, ഐബ്ളിങ്ക് സെന്‍സര്‍, ബാറ്ററി, സിഗ്ബി, ബസര്‍ എന്നിവയാണ് ഈ വയര്‍ലെസ് കണ്ണടയുടെ പ്രധാന ഭാഗങ്ങള്‍. റിസ്വാന്‍ അസീസ് നൈന മുമ്പ് അന്ധര്‍ക്ക് വായനയുടെ വെളിച്ചം പകരാനായി നൈന കണ്ണട നിര്‍മിച്ചു ശ്രദ്ധനേടിയിരുന്നു. സര്‍ക്കാര്‍ സഹായത്തോടെയോ മറ്റ് കമ്പനികള്‍ മുഖേനയോ കുറഞ്ഞ ചെലവില്‍ ഐ ബ്ളിങ്ക് എത്തിക്കുകയാണ് മൂവര്‍ സംഘത്തിന്‍െറ ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.