കൊച്ചി നഗരസഭ: ബി.ജെ.പി അംഗങ്ങളെ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തി

കൊച്ചി: കൊച്ചി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ബി.ജെ.പി അംഗങ്ങളെ ഉള്‍പ്പെടുത്തി. വിദ്യാഭ്യാസ, നഗരാസൂത്രണ കമ്മിറ്റികളിലാണ് ബി.ജെ.പി അംഗങ്ങള്‍ ഉള്‍പ്പെട്ടത്. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണിത് ഉറപ്പിച്ചത്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍നിന്ന് ബി.ജെ.പി വിട്ടുനിന്നിരുന്നു. എല്ലാ അംഗങ്ങളും ഏതെങ്കിലും ഒരു കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്നാണ് ചട്ടം. അതനുസരിച്ചാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച നടപടി പൂര്‍ത്തീകരിച്ചതിനാല്‍ ചൊവ്വാഴ്ച നാമനിര്‍ദേശപത്രിക നല്‍കല്‍ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച സുധ ദിലീപ്കുമാര്‍ മാത്രമാണ് കൗണ്‍സിലില്‍ എത്തിയത്. അവര്‍ ശ്യാമള എസ്. പ്രഭുവിന്‍െറ പേര് നികുതി അപ്പീല്‍ കമ്മിറ്റികളിലേക്ക് നിര്‍ദേശിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സുധയുടെ വോട്ട് മാത്രമെ ശ്യാമളക്ക് ലഭിച്ചുള്ളൂ. ഇരു മുന്നണിയും വിമതരും വോട്ടിങ്ങില്‍ പങ്കെടുക്കാതെ ബി.ജെ.പിയെ ഒറ്റപ്പെടുത്തി. തിങ്കളാഴ്ച ബി.ജെ.പി എടുത്ത നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അതേസമയം, നടപടിക്രമം പൂര്‍ത്തീകരിക്കല്‍ മാത്രമായിരുന്നതിനാല്‍ സാങ്കേതികമായി ഒരു വോട്ട് മതിയായിരുന്നു. അതോടെ ശ്യാമള നികുതി അപ്പീല്‍ കമ്മിറ്റിയില്‍ എത്തി. സ്വാഭാവികമായും സുധ വിദ്യാഭ്യാസ കമ്മിറ്റിയിലും ഉള്‍പ്പെട്ടു. ഏഴിനാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത്. എട്ടില്‍ ഏഴ് കമ്മിറ്റിയിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം. വിദ്യാഭ്യാസ കമ്മിറ്റിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. സി.പി.എം വിമത സീനത്ത് റഷീദ് യു.ഡി.എഫിനൊപ്പമാണ്. ഇവരെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മത്സരം നേരിടാനാണ് യു.ഡി.എഫ് തീരുമാനം. ബി.ജെ.പി അംഗത്തിന്‍െറ നിലപാടാവും നിര്‍ണായകമാവുക. അവര്‍ വോട്ടിങ്ങില്‍ വിട്ടുനിന്നാല്‍ അധ്യക്ഷയെ കണ്ടത്തൊന്‍ നറുക്കെടുപ്പ് വേണ്ടിവരും. ഈ കമ്മിറ്റി അധ്യക്ഷ പദവി വനിതക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.