ജങ്കാര്‍, ഫെറി സര്‍വിസുകള്‍ കോര്‍പറേഷന്‍ ഏറ്റെടുക്കണം

വൈപ്പിന്‍: വൈപ്പിന്‍ - ഫോര്‍ട്ട്കൊച്ചി റൂട്ടിലെ ജങ്കാര്‍, ബോട്ട് സര്‍വിസുകള്‍ കൊച്ചി കോര്‍പറേഷന്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. യാത്രക്കാരുടെ സുരക്ഷക്ക് ഒരു പരിഗണനയും നല്‍കാതെ നടത്തുന്ന സര്‍വിസുകള്‍ കോര്‍പറേഷന്‍ തിരിച്ചെടുക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. കൊച്ചി നഗരസഭയുടെ നിയന്ത്രണത്തിലായിരുന്ന ഫെറി സര്‍വിസ് 15 വര്‍ഷം മുമ്പാണ് സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കുന്നത്. ബുധനാഴ്ചത്തെ അപകടത്തില്‍പ്പെട്ട ബോട്ടുള്‍പ്പെടെയാണ് നഗരസഭ കൈമാറിയത്. ജങ്കാര്‍ സര്‍വിസ് നടത്തിയിരുന്ന ഏജന്‍സി തന്നെയാണ് ലേലത്തില്‍ ഇതും പിടിച്ചത്. ഇതോടെ കൊച്ചി അഴിമുഖത്തെ യാത്ര ഇവരുടെ കുത്തകയായി. ഇതിനുശേഷമാണ് ഫോര്‍ട്ട്കൊച്ചി യാത്രയുടെ ശനിദശ ആരംഭിക്കുന്നത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ ഫെറി സര്‍വിസ് ലേലം ചെയ്യുന്നുണ്ടെങ്കിലും മറ്റാരും രംഗത്തത്തൊറില്ല. ഇവരെ കൂടാതെ ലേലത്തില്‍ പങ്കുകൊള്ളുന്ന പൊതുമേഖലാ സ്ഥാപനമായ കിന്‍കോ എല്ലാ കാലത്തും പിന്തള്ളപ്പെടുകയാണ് പതിവ്. നിയമം അനുസരിച്ച് ബോട്ടുകളില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം സാധാരണനിലയില്‍ 80 ആണ്. കാലവര്‍ഷ സമയത്ത് 65ഉം. എന്നാല്‍, ഈ നിബന്ധനകള്‍ ഒന്നും ഇവിടെ പാലിക്കാറില്ല. യാത്രക്കാരുടെ ജീവന് വിലകല്‍പിക്കാതെയാണ് കരാറുകാര്‍ സര്‍വിസ് നടത്തുന്നത്. മതിയായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഒന്നും ഇല്ലാതെയാണ് സര്‍വിസ് നടത്തുന്നതെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.