ചാവറ ഫെസ്റ്റ് 23 മുതല്‍

കൊച്ചി: ചാവറ കള്‍ചറല്‍ സെന്‍റര്‍ ഒരുക്കുന്ന കലാപരിപാടികളും ഭക്ഷ്യമേളകളും ദേശീയ സെമിനാറുകളും ഉള്‍പ്പെടുന്ന ചാവറ ഫെസ്റ്റ് 23 മുതല്‍ 27 വരെ കള്‍ചറല്‍ സെന്‍ററില്‍ നടക്കും. ഫെസ്റ്റും പുതിയ ആസ്ഥാനമന്ദിരവും 23ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ചാവറ കള്‍ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ, പ്രഫ. എം.കെ. സാനു, ജനറല്‍ കണ്‍വീനര്‍ ജോണ്‍പോള്‍, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കുള്ള സ്മാര്‍ട്ട് കെയിന്‍ വിതരണം ചെയ്യും. ചാവറയച്ചന്‍െറ ജീവിതത്തെ ആധാരമാക്കി തയാറാക്കിയ ഓഡിയോ ആല്‍ബവും വിവിധ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 26ന് ആറിനു ചാവറ ഷോര്‍ട്ട്ഫിലിം അവാര്‍ഡ് നൈറ്റ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗുരുപ്രണാമം, യുവപ്രതിഭാ പുരസ്കാരങ്ങള്‍ ചടങ്ങില്‍ സമര്‍പ്പിക്കും. സമാപന ദിനമായ 27ന് വൈകുന്നേരം നാലിന് സെമിനാര്‍. 5.30ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്യും. വിവിധ കലാപ്രകടനങ്ങള്‍ അഞ്ച് ദിവസങ്ങളിലായി നടക്കും. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെയുള്ള ഭക്ഷ്യമേളയില്‍ കേരളത്തിലെയും ഉത്തരേന്ത്യയിലെയും വിദേശത്തെയും ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാനും ആസ്വദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. സംഘാടക സമിതി അംഗങ്ങളായ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. ഏബ്രഹാം, ആര്‍ട്ടിസ്റ്റ് കലാധരന്‍ വി.സി. ജെയിംസ്, സംവിധായകന്‍ മോഹന്‍, പ്രഫ. പി.ജെ. ജോസഫ്, എം.സി. റോയി, പി.ജെ. ചെറിയാന്‍, ജോണ്‍സണ്‍ സി. എബ്രഹാം, ജിജോ പാലത്തിങ്കല്‍, ജോളി പവേലില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.