കൊച്ചിയുടെ ജലഗതാഗത വികസനത്തില്‍ അരൂരിനെയും ഉള്‍പ്പെടുത്തണം

അരൂര്‍: കൊച്ചിയുടെ ജലഗതാഗത വികസനത്തില്‍ അരൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. നഗരത്തിന് ചുറ്റുമുള്ള ദ്വീപുകളെക്കൂടി ഉള്‍പ്പെടുത്തി ജലഗതാഗതം വികസിപ്പിക്കാന്‍ 819 കോടി രൂപയുടെ പദ്ധതിയാണ് ജര്‍മന്‍ ബാങ്കും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ചേര്‍ന്ന് ഒരുക്കുന്നത്. ജെട്ടികളുടെ നിര്‍മാണം, പുതിയ ബോട്ടുകള്‍ വാങ്ങല്‍, ജെട്ടികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍, ഭൂമി ഏറ്റെടുക്കല്‍, ജെട്ടികളിലേക്കുള്ള റോഡുകള്‍ എന്നിവക്കാണ് തുക ചെലവഴിക്കുക. മെട്രോ ട്രെയിനുകളെയും ബോട്ടുകളെയും ബന്ധപ്പെടുത്തി റോഡ് ഗതാഗതത്തിലെ തിരക്കുകള്‍ നഗരത്തില്‍ ഒഴിവാക്കുന്നതിന് ചുറ്റുമുള്ള ദ്വീപുകളെ ബന്ധപ്പെടുത്തി ജലഗതാഗതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ദ്വീപുകളെ ഹബ്ബുകളാക്കി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വൈപ്പിന്‍ ദ്വീപിനെ അരൂരുമായി ബന്ധപ്പെടുത്തിയുള്ള ജലഗതാഗത ഇടനാഴിയും പദ്ധതിയിലുള്ളതാണ് അരൂരിന്‍െറ പ്രതീക്ഷ. അരൂര്‍-അരൂക്കുറ്റി മേഖലയില്‍നിന്ന് 25 വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ എറണാകുളത്തേക്ക് ബോട്ട് സര്‍വിസ് സജീവമായിരുന്നു. അരൂര്‍-അരൂക്കുറ്റി പാലം, ദേശീയപാത ബൈപാസ് വികസനം എന്നിവ യാഥാര്‍ഥ്യമായതോടെ റോഡ് ഗതാഗതത്തിലേക്ക് നാട്ടുകാര്‍ പൂര്‍ണമായും മാറിയതാണ് ജലഗതാഗതത്തിന് മാന്ദ്യമുണ്ടാക്കിയത്. കാലോചിതമായ പരിഷ്കാരം ജലഗതാഗതത്തിന് ഉണ്ടാകാതിരുന്നതും ജനങ്ങളെ അകറ്റി. എന്നാല്‍, റോഡ് ഗതാഗതത്തിന്‍െറ തിരക്കും വര്‍ധിച്ചുവരുന്ന അപകടങ്ങളും അരൂര്‍ മേഖലയിലെ ജനങ്ങളെ ജലഗതാഗത സാധ്യതകളെപ്പറ്റി വീണ്ടും ചിന്തിപ്പിക്കുകയാണ്. കായല്‍ ചുറ്റിക്കിടക്കുന്ന ഗ്രാമങ്ങളെ കോര്‍ത്തിണക്കി കൊച്ചി നഗരവുമായി ബന്ധപ്പെടുത്തുന്ന വേഗതയുള്ള ജലയാനങ്ങളുടെ വരവിനായി അരൂര്‍ കാത്തിരിക്കുകയാണ്. ഇതിന്‍െറയെല്ലാം പ്രചാരണത്തിനായി അരൂര്‍ പഞ്ചായത്തിന്‍െറ സഹകരത്തോടെ അരൂരില്‍ നിന്നും ജനപ്രതിനിധികളും പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും വ്യവസായികളും മറ്റും അടങ്ങുന്ന സംഘം എറണാകുളത്തേക്ക് ബോട്ടുയാത്ര നടത്താനാണ് ലക്ഷ്യമിടുന്നത്. കോമ്പോസിറ്റ് ബോട്ട് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഈ സംരംഭത്തിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ തീരുമാനമെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.