മത്സരയോട്ടത്തിനെതിരെ നടപടി : സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

കൊച്ചി: മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ സര്‍വിസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കാന്‍ ജില്ലാ ബസ് ഓണേഴ്സ് കോണ്‍ഫെഡറേഷന്‍ തീരുമാനം. മെട്രോ നിര്‍മാണവും റോഡിന്‍െറ ശോച്യാവസ്ഥയും അശാസ്ത്രീയ സിഗ്നല്‍ സമ്പ്രദായവും ചൂണ്ടിക്കാട്ടിയാണ് ആഗസ്റ്റ് 10 മുതല്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നത്. ജീവനക്കാര്‍ തമ്മിലെ പ്രശ്നങ്ങള്‍ പെരുപ്പിച്ച് കാണിച്ച് ബസുടമകള്‍ക്കെതിരെ കേസെടുത്ത് ബസുകള്‍ കോടതിയില്‍ ഹാജരാക്കി ഉടമകളെ ശിക്ഷിക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ചെയര്‍മാന്‍ കെ.ബി. സുനീര്‍ അറിയിച്ചു. മെട്രോ നിര്‍മാണവും റോഡിന്‍െറ ശോച്യാവസ്ഥയും മൂലം ടൈം ഷെഡ്യൂള്‍ പാലിക്കാന്‍ കഴിയുന്നില്ല. ഇത് മത്സരയോട്ടത്തിനും ജീവനക്കാര്‍ തമ്മിലെ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലെ അശാസ്ത്രീയ സിഗ്നല്‍ സമ്പ്രദായവും ടൈം ഷെഡ്യൂര്‍ പാലിക്കാന്‍ ബസുടമകള്‍ക്ക് വിഘാതമാണെന്ന് ബസുടമാ സംഘം ചൂണ്ടിക്കാട്ടി. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നഗരത്തില്‍ നടപടി കര്‍ശനമാക്കിയത്. മത്സരയോട്ടം നടത്തുന്ന ബസ് ജീവനക്കാരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിച്ചതാണ് ബസുടമകളെ ചൊടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.