ലഹരിമരുന്ന് റെയ്ഡുകള്‍ ടൂറിസ്റ്റ് ബോട്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന്

കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവ് കേന്ദ്രീകരിച്ച് പൊലീസ് തുടര്‍ച്ചയായി നടത്തുന്ന ലഹരിമരുന്ന് റെയ്ഡിനെ തുടര്‍ന്ന് ടൂറിസ്റ്റ് ബോട്ടുകളുടെ പ്രവര്‍ത്തനം പാടെ നിലച്ചതായി പ്രൈവറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍. കേരളത്തിന് അകത്തും പുറത്തുനിന്നും ദിവസേന ആയിരക്കണക്കിന് ടൂറിസ്റ്റുകളായിരുന്നു കൊച്ചിക്കായലിന്‍െറ സൗന്ദര്യം നുകരാന്‍ ടൂറിസ്റ്റ് ബോട്ടുകളെ ആശ്രയിച്ചിരുന്നത്. വടക്കേ ഇന്ത്യയില്‍നിന്നും വിദേശങ്ങളില്‍നിന്നുമുള്ള ടൂറിസ്റ്റുകളായിരുന്നു വരുമാനത്തില്‍ പ്രധാന പങ്ക് നല്‍കിയിരുന്നത്. എന്നാല്‍, അടുത്തകാലത്തായി ബോട്ടുകള്‍ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ പതിവായതോടെ വിദേശ ടൂറിസ്റ്റുകളും ഇതരസംസ്ഥാന സന്ദര്‍ശകരും ഇവിടം അപകടമേഖലയായി കണക്കാക്കി ഒഴിഞ്ഞുപോവുകയാണെന്ന് പ്രൈവറ്റ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. കല്യാണ വിരുന്നുകളും കോണ്‍ഫറന്‍സുകളുമായിരുന്നു ടൂറിസ്റ്റ് ബോട്ടുകളില്‍നിന്നുള്ള മറ്റൊരു വരുമാനം. പൊലീസ് ഇടപെടല്‍ വന്നതോടെ ഇത്തരം പാര്‍ട്ടികളും കോണ്‍ഫറന്‍സുകളും ഇല്ലാതായി. ഇവരെ ആശ്രയിച്ചിരുന്ന നിരവധി കേറ്ററിങ് സര്‍വിസുകളും സ്ഥലം വിട്ടുകഴിഞ്ഞു. അതേസമയം, കൊച്ചിക്കായലിന് സമീപത്തെ വന്‍കിട ഫ്ളാറ്റുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും സെപ്റ്റിക് മാലിന്യമടക്കം മലിനജലം കായലിലേക്ക് ഒഴുക്കുന്നതായി ബോട്ട് ഉടമകള്‍ പരാതിപ്പെട്ടിട്ടും പൊലീസും ഹെല്‍ത്ത് വിഭാഗവും ഇവിടം പരിശോധിക്കാന്‍ പോലും തയാറായിട്ടില്ളെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ടൂറിസ്റ്റുകളുടെ സുരക്ഷിതത്വത്തിനും സഹായത്തിനുമായി ടൂറിസ്റ്റ് പൊലീസിനെ വിന്യസിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. മറൈന്‍ഡ്രൈവില്‍നിന്ന് തെക്കുഭാഗത്തേക്ക് പോകുന്നത് നാവികസേന വിലക്കിയിരിക്കുന്നതാണ് കൊച്ചിക്കായല്‍ കേന്ദ്രീകരിച്ച ടൂറിസത്തിന് മറ്റൊരു തിരിച്ചടി. നേരത്തേ ബോട്ടുകള്‍ക്ക് ഒരു ലൈസന്‍സ് മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ കൊച്ചിന്‍ പോര്‍ട്ടിന്‍െറയും കേരള പോര്‍ട്ടിന്‍െറയും ലൈസന്‍സും വേണം. ബോട്ടുകള്‍ക്കുള്ള ലൈസന്‍സ് ഫീസ് 3000 രൂപയോളം ആയി ഉയര്‍ത്തിയതും വിനോദസഞ്ചാരമേഖലയെ ബാധിച്ചതായി അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. സി.എല്‍. എബനേസര്‍, സതീഷ് കുമാര്‍, എബെല്‍ റോബിന്‍സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.