മേമന്‍െറ വധശിക്ഷയെ ചൊല്ലി സംഘര്‍ഷം; എറണാകുളം ലോകോളജ് അടച്ചു

കൊച്ചി: യാക്കൂബ് മേമന്‍െറ വധശിക്ഷയെ ചൊല്ലി എം.എസ്.എഫ്, എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ എറണാകളം ലോ കോളജ് താല്‍ക്കാലികമായി അടച്ചുപൂട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കോളജിന് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച യാക്കൂബ് മേമന്‍െറ വധശിക്ഷയുമായി ബന്ധപ്പെട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജില്‍ പ്രതിഷേധിച്ചിരുന്നു. ലോ കോളജിന്‍െറ പേരില്‍ പ്രതീകാത്മക തൂങ്ങിമരണം സംഘടിപ്പിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ ചിലര്‍ രംഗത്തുവന്നതോടെയാണ് ഇവിടെ സംഘര്‍ഷമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ പഠിപ്പ് മുടക്കിയ എം.എസ്.എഫ് പ്രവര്‍ത്തകരെ ചോദ്യംചെയ്ത് എ.ബി.വി.പി പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും രംഗത്ത് വരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഉണ്ടായ സംഘര്‍ഷത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സല്‍മാന് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സല്‍മാന്‍െറ പരാതി പ്രകാരം എസ്.എഫ്.ഐ, എം.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, യാക്കൂബ് മേമന്‍െറ വധശിക്ഷക്കെതിരെ ശക്തമായി രംഗത്തുവന്ന സി.പി.എമ്മിന്‍െറ വിദ്യാര്‍ഥിവിഭാഗമായ എസ്.എഫ്.ഐ നേതൃത്വത്തെ തള്ളിയതും വിവാദമായി. സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ വധശിക്ഷക്കെതിരെ ശക്തമായി രംഗത്തുവന്നപ്പോള്‍ എസ്.എഫ്.ഐ നിലപാട് മാറ്റുകയായിരുന്നു. ഈ സാഹചര്യത്തില്‍ ലോ കോളജിലെ സംഭവങ്ങളെക്കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ളെന്നാണ് എസ്.എഫ്.ഐ ജില്ലാനേതൃത്വം പ്രതികരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.