പുല്ലൂർ പെരിയയിൽ 31 ഏക്കർ തരിശ്​ ഭൂമിയിൽ വിത്തിട്ടു

കാഞ്ഞങ്ങാട്: സംസഥാന സർക്കാറിൻെറ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 150 ഏക്കറിലധികം തരിശ് ഭൂമിയിൽ വിവിധയിനം കൃഷികൾ ചെയ്ത് ഭക്ഷ്യ സ്വയം പര്യാപ്തതയിലെത്താനുള്ള ലക്ഷ്യത്തിലാണ് പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തും കൃഷിഭവനും. അതിൻെറ ഭാഗമായി വർഷങ്ങളായി തരിശായി കിടന്ന ദേശീയ പാതയോരത്തുള്ള 31 ഏക്കർ സ്വകാര്യ തരിശ് ഭൂമി പെരിയ കാർഷിക സേവന കേന്ദ്രത്തിൻെറയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ കൃഷി യോഗ്യമാക്കി. വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. തുടർച്ചയായി ആറു വർഷം വേനലിൽ തീപിടിത്തമുണ്ടായി, പഞ്ചായത്തിനും അഗ്നിശമന സേനക്കും തലവേദനയായി മാറിയ സ്ഥലമാണിത്. കരനെല്ല്, കിഴങ്ങ് വർഗങ്ങൾ, പച്ചക്കറി, കൂവ, ഇഞ്ചി, മഞ്ഞൾ, ചെറുധാന്യങ്ങൾ, പൂക്കൾ തുടങ്ങിയവ ഈ ഭൂമിയിൽ കൃഷിചെയ്യാനുള്ള പദ്ധതി ഗ്രാമപഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ. വീണാറാണി പദ്ധതി വിശദീകരിച്ചു. പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. കൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷ എം. ഇന്ദിര, പഞ്ചായത്ത് സെക്രട്ടറി പി. ജയൻ, ഭൂമിയുടെ ഉടമ ഡോ. വിഷ്ണു പ്രസാദ് ഹെബ്ബാർ, ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്‌സൺ കെ. ശ്രീജ, പെരിയ സർവിസ് ബാങ്ക് പ്രതിനിധി അഗസ്റ്റിൻ കാഞ്ഞിരടുക്കം, ടി.വി. കരിയൻ, കുഞ്ഞിക്കണ്ണൻ കാരിക്കൊച്ചി, ശറഫുദ്ദീൻ കുണിയ, എ.എം. മുരളീധരൻ പെരിയ എന്നിവർ സംസാരിച്ചു. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായർ സ്വാഗതവും കൃഷി ഓഫിസർ സി. പ്രമോദ്‌കുമാർ നന്ദിയും പറഞ്ഞു. pullur പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ ദേശീയപാതയോരത്തുള്ള 31 ഏക്കറിൽ കൃഷിയിറക്കുന്നതിൻെറ ഭാഗമായി കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിത്തിടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.