ദുരന്തസമയങ്ങളിൽ അടിയന്തര സേവനം; ഐ.ആര്‍ സിസ്​റ്റം ശക്തിപ്പെടുത്ത​​​ും

കാസർകോട്: ദുരന്തസമയങ്ങളിൽ അടിയന്തര സേവനം ലഭ്യമാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇന്‍സിഡൻറ് റെസ്‌പോണ്‍സ് സിസ്റ്റം (ഐ.ആര്‍.എസ്) ജില്ലയില്‍ ശക്തിപ്പെടുത്തുമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു. ഇതിനായി രൂപവത്കരിച്ച ജില്ലതല സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഐ.ആർ.എസ് ടീമില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ജില്ലതലത്തിലും താലൂക്ക് തലത്തിലും പരിശീലനം നല്‍കും. നാലു താലൂക്കുകളിലെ 25 പൊലീസുകാര്‍ക്ക് വീതം ഫസ്റ്റ് എയ്ഡ്, അഗ്നിസുരക്ഷാ സേനയുടെ പരിശീലനവും നല്‍കും. ദുരന്തസ്ഥലങ്ങളില്‍ ആദ്യമെത്തുന്നത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. എല്ലാ ആശുപത്രികളിലും റാപിഡ് റെസ്‌പോണ്‍സ് ടീം രൂപവത്കരിക്കും. പ്രകൃതിദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോള്‍ നേരിടുന്നതിന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക ടീം രൂപവത്കരിക്കും. അപകടങ്ങളോ ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ പ്രതിരോധ-സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ജില്ലയില്‍ സജ്ജമാക്കുന്നത്. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ സൗകര്യം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. റോഡിൻെറ വശങ്ങളില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അഗ്നിസുരക്ഷാ സേനക്ക് നിര്‍ദേശം നല്‍കി. റോഡുകളില്‍ ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. മഴക്കാല പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. എ.ഡി.എം എന്‍. ദേവീദാസ്, എ.എസ്.പി പി.ബി. പ്രഷോഭ്, മോട്ടോര്‍ വാഹന വകുപ്പ്, അഗ്നിസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.