കാസർകോട്: മഹാത്മാഗാന്ധിയുടെ പേരിലുള്ള കോളനി. ആർക്കുംവിട്ടുകൊടുക്കാത്ത പണ്ടെങ്ങോ പണിതിട്ട വീടുകളുടെ അസ്ഥികൂടത്തിനകത്ത് തഴച്ചുവളർന്ന പാഴ്മരത്തിന് പത്തുവയസ്സിലേറെ വളർച്ചയുണ്ടാകും. തൊട്ടടുത്ത് രണ്ടിടത്തായി 12 വീടുകളടങ്ങിയ സമുച്ചയങ്ങൾ വേറെയും കാടുകയറിക്കിടക്കുന്നു. സമീപത്തെ മറ്റൊരു കോളനിയിൽ 12 വീടുകളും ഇതേ സ്ഥിതിയിൽ കാണാം. ദലിത് കുടുംബങ്ങൾക്കും ദരിദ്ര വിഭാഗങ്ങൾക്കുമായി ലക്ഷങ്ങൾ ചെലവഴിച്ച് പണിത 50 ഒാളം വീടുകളാണ് നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ 10 വർഷങ്ങൾക്കിടെ നഗരസഭ നിർമിച്ച വീടുകളുടെ മറവിൽ കോടികളുടെ അഴിമതിയുടെ പിന്നാമ്പുറക്കഥകളുണ്ട്. വീടുള്ളവർക്ക് വീണ്ടും വീട് അണങ്കൂർ ജെ.പി നഗറിൽ എട്ട് വർഷം മുമ്പ് പട്ടികജാതി ഭവന പദ്ധതിയുടെ ഭാഗമായി നിർമിച്ച 12 വീടുകളും താമസിക്കാൻ ആളില്ലാത്ത നിലയിലാണ്. ഭാഗികമായി പണി പൂർത്തിയാക്കിയ വീടുകൾ നഗരസഭ ഗുണഭോക്താക്കൾക്ക് കൈമാറിയതാണെങ്കിലും ആരും താമസമാക്കാനെത്തിയിട്ടില്ല. ഒന്നിലധികം വീടുകൾ സ്വന്തമായുള്ളവരാണ് ഇവ അനുവദിച്ചുകിട്ടിയ ഗുണഭോക്താക്കളിൽ പലരുമെന്ന് പരസരവാസികൾ പറഞ്ഞു. വീട് ലഭിച്ച് 11 വർഷം കഴിഞ്ഞാൽ ഇതു മറിച്ച് വിൽക്കാനാവും. ഇനി മൂന്നുവർഷം കൂടിക്കഴിഞ്ഞാൽ ഇവ വിറ്റ് പണമാക്കാനുള്ള നീക്കത്തിലാണ് ഉടമകൾ. പലരും ഇതിനായി കച്ചവടമുറപ്പിച്ചു കഴിഞ്ഞെന്നാണ് വിവരം. നഗരസഭയിലെ ഏഴാം വാർഡിൽ സ്വകാര്യവ്യക്തിയോട് വിലക്കു വാങ്ങിയ 20 സെൻറ് ഭൂമിയിലാണ് 12 വീടുകൾ നിർമിച്ചത്. ബ്രോക്കർ മുഖേന സെൻറിന് 25,000 രൂപ നിരക്കിൽ വാങ്ങിയ ഭൂമി ഉടമക്ക് നൽകിയതിനേക്കാൾ ഇരട്ടിയോളം വിലകൂട്ടിയാണ് നഗരസഭ ഏറ്റെടുത്തതെന്നും ഇതിനുപിന്നിൽ ബിനാമി ഇടപാടുണ്ടായി എന്നും നാട്ടുകാർ ആരോപിക്കുന്നു. ഉദ്ഘാടനം നടത്തി; ഗുണഭോക്താക്കളെവിടെ ? നഗരസഭയിലെ എട്ടാം വാർഡിൽപ്പെട്ട അണങ്കൂർ പാറക്കട്ട റോഡരികിലെ എം.ജി കോളനിയിൽ മതിൽകെട്ടി സുരക്ഷിതമാക്കിയ ഇരുനില ഫ്ലാറ്റ് സമുച്ചയത്തിൽ എട്ടു വീടുകളാണുള്ളത്. പട്ടികജാതി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി 2003-04 വർഷത്തിൽ നഗരസഭ നിർമാണമാരംഭിച്ച വീടിന് 1.31 കോടിരൂപയാണ് ചെലവഴിച്ചത്. 2015ൽ ഇതിെൻറ ഉദ്ഘാടനം നടത്തിയെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് തുറന്നുകൊടുത്തിട്ടില്ല. തിരക്കിട്ട് വീട് നിർമിച്ചെങ്കിലും ഗുണഭോക്താക്കളെ കണ്ടെത്താൻ നടപടിയുണ്ടായില്ല. ഇതിനിടെ നിർമാണത്തിലെ അപാകതയും അഴിമതിയും പരാതിക്കിടയാക്കുകയും ചെയ്തു. 70 സെൻറ് ഭൂമി വിലകൊടുത്തുവാങ്ങിയാണ് രണ്ട് സമുച്ചയങ്ങളിലായി 12 വീടുകൾ പണിതത്. ഭൂമി ഇടപാടിലും തട്ടിപ്പ് നടന്നതായി ആരോപണമുണ്ട്. സെ്പ്റ്റിക് ടാങ്കിെൻറ സ്ലാബ്, കെട്ടിടത്തിെൻറ സൺഷേഡ് എന്നിവയുടെ നിർമാണത്തിൽ നിലവാരത്തകർച്ച ഉണ്ടായതായും ഫ്ലാറ്റിന് ചുറ്റുമുള്ള സൈറ്റ് നിരപ്പാക്കിയതിൽ അപാകതയുള്ളതായും ഒാഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. രാത്രിയിൽ ഗേറ്റിെൻറ പൂട്ട് തകർത്ത് ഭവന സമുച്ചയത്തിെൻറ അകത്തുകടക്കുന്നവർ അനാശാസ്യ പ്രവർത്തനങ്ങൾക്കും മദ്യപാനത്തിനും മറ്റുമായി ഇവിടം ഉപയോഗിക്കുന്നത് സമീപവാസികൾക്ക് ശല്യമായി മാറിയിരിക്കുകയാണ്. എം.ജി കോളനിയിലെ കുന്നിൻ ചെരിവിൽ 10 വർഷം മുമ്പ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച വീടിെൻറ ചുമരിനകത്താണ് പാഴ്മരം തഴച്ചുവളർന്നു നിൽക്കുന്നത്. ഇവിടെ പട്ടികജാതി വിഭാഗത്തിന് ആറ് വീടുകളാണ് അനുവദിച്ചത്. ഭൂമി വാങ്ങാൻ 50,000 രൂപയും വീട് പണിയാൻ 1.50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഗുണഭോക്താക്കൾ സ്വന്തം നിലയിൽ നിർമാണം നടത്തണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും നഗരസഭാധികൃതർ ഇടപെട്ട് ബിനാമി കരാറുകാരെ ഉപയോഗിച്ചാണ് വീടുപണി നടത്തിയതെന്നും ഒടുവിൽ കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ച് സ്ഥലം വിടുകയാണുണ്ടായതെന്നും കോളനി നിവാസികൾ പറയുന്നു. ആറു വീടുകളിൽ ഒന്ന് മുൻ കൗൺസിലർ കൈവശമാക്കിയിട്ടുണ്ട്. മറ്റുവീടുകൾ ഉപയോഗശൂന്യമായ നിലയിലാണ്. ഡ്രൈവർ കരാറുകാരനായി; ആശ്രയ ഭവനങ്ങൾ അനാഥ ഭവനങ്ങളായി ചളിയും വെള്ളവും കെട്ടിനിൽക്കുന്ന കൊറക്കോട്ട് ദരിദ്ര കുടുംബങ്ങൾക്കുവേണ്ടി നഗരസഭ അനുവദിച്ച 15 വീടുകളിൽ 14 എണ്ണവും അനാഥഭവനങ്ങളായി ശേഷിക്കുന്നു. സ്വന്തമായി ഭൂമിയും വീടുമില്ലാത്തവർക്കുവേണ്ടി ആശ്രയ ഭവനപദ്ധതി പ്രകാരം 2012-13 കാലയളവിൽ നിർമാണമാരംഭിച്ച വീടുകൾ 2016ലാണ് ഭാഗികമായെങ്കിലും പൂർത്തിയായത്. ചുമരും മേൽക്കൂരയിൽ കോൺക്രീറ്റ് സ്ലാബ്നിർമാണവും നടത്തിയെങ്കിലും വാതിലുകൾ, ജനാലകൾ എന്നിവ നിർമിച്ചില്ല. മഴക്കാലത്ത് വെള്ളക്കെട്ടും ചളിയും നിറയുന്ന പ്രദേശമായതിനാൽ കക്കൂസുകൾക്ക് സെപ്റ്റിക് ടാങ്കുകളും നിർമിച്ചിട്ടില്ല. വീടുകളിലേക്ക് ചെന്നെത്താൻ വഴിയുമില്ല. 37.50 ലക്ഷം രൂപ ഇതിനകം പദ്ധതിക്കായി ചെലവഴിച്ചു. ഗുണഭോക്താക്കൾക്ക് നേരിട്ടാണ് തുക നൽകേണ്ടിയിരുന്നതെങ്കിലും മുൻനഗരസഭാ ചെയർമാെൻറ ഡ്രൈവർ ബിനാമിയായി കരാർ ഏറ്റെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ആരോപണമുണ്ട്. കിടപ്പാടമില്ലാത്ത ദുർബല വിഭാഗങ്ങൾക്കുള്ള പദ്ധതിയായിട്ടും നഗരസഭാധികൃതർ ഉണർന്നു പ്രവർത്തിച്ചില്ലെന്ന് പദ്ധതി വിലയിരുത്തിയ ഒാഡിറ്റ് വിഭാഗത്തിെൻറ വിമർശനമുണ്ടായി. കരാർ ഇടപാടിലെ അഴിമതിയും ലാഭവും ലക്ഷ്യമിട്ട് നിർമാണം നടത്തിയ ഭവന സമുച്ചയങ്ങളിൽ പലതിനും ഗുണഭോക്താക്കളെ കണ്ടെത്താൻ ഇനിയും നഗരസഭാ കൗൺസിലിന് കഴിഞ്ഞിട്ടില്ലെന്നും ഗുണഭോക്താക്കളെ നിശ്ചയിച്ച പല പദ്ധതികളും വിജിലൻസ് അന്വേഷണം നേരിടുകയാണെന്നും അഴിമതിവിരുദ്ധ പ്രവർത്തകനായ ബുർഹാനുദ്ദീൻ തളങ്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.