മംഗളൂരു: ബെല്‍ത്തങ്ങാടിയിലെ ആശ്രമത്തില്‍ ജ്യേഷ്ഠന് ജവഹര്‍ലാല്‍ ബോഗിനെ കെട്ടിപ്പിടിച്ച് ഛത്തിസ്ഗഢ് സ്വദേശി 23കാരനായ നോഹര്‍ ബോഗ് പൊട്ടിക്കരഞ്ഞു. അവിടെ ഉത്തര ബസ്റ്റാര്‍ കന്‍കെര്‍ ജില്ലയില്‍ തെൻറ കുഗ്രാമത്തില്‍ വഴിക്കണ്ണുമായി കാത്തിരുന്ന മൂന്ന് വര്‍ഷങ്ങളില്‍ പ്രതീക്ഷിച്ചതല്ല ഈ ആനന്ദമുഹൂർത്തം. കൊലക്കേസില്‍ വിട്ടയക്കപ്പെട്ട ജവഹര്‍ലാല്‍ കോടതി നിര്‍ദേശമനുസരിച്ചാണ് ആശ്രമം അന്തേവാസിയായത്. മാനസിക വെല്ലുവിളി നേരിടുന്നുവെന്ന് ബോധ്യപ്പെട്ടതിനാല്‍ ദക്ഷിണ കന്നട ജില്ല അഡീ. ജില്ല സെഷന്‍സ് കോടതി ജഡ്ജി സി.എം. ജോഷിയുടേതായിരുന്നു കഴിഞ്ഞ മാസം 13ലെ വിധി. ബന്ധുക്കളെ കണ്ടെത്തി ഏല്പിക്കുംവരെ പുനരധിവസിപ്പിക്കാന്‍ കോടതി നിര്‍ദേശവും നല്കി. ജില്ല നിയമസഹായ അതോറിറ്റി അംഗം സെക്രട്ടറി മല്ലഗൗഡ പാട്ടീല്‍ ഛത്തിസ്ഗഢിലെ ഉത്തര ബാസ്റ്റാര് കന്‍കെര്‍ ജില്ല നിയമസഹായ അതോറിറ്റി സെക്രട്ടറിക്കയച്ച കത്താണ് ജവഹര്ലാലിെൻറ ജീവിതത്തില്‍ വഴിത്തിരിവായത്. ബന്ധുക്കളെ വിവരമറിയിക്കാന്‍ സഹായം തേടിയായിരുന്നു കത്ത്. ഈ മാസം രണ്ടിന് ലഭിച്ച മറുപടിയില്‍ സഹോദരെൻറ മൊബൈല്‍ നമ്പറാണുണ്ടായിരുന്നത്. അതില്‍ ബന്ധപ്പെട്ടപ്പോള്‍ സന്തോഷത്തോടൊപ്പം കര്‍ണാടകയില്‍ എത്താനുള്ള പ്രയാസവും അറിയിച്ചു. മൂഡബിദ്രി പൊലീസ് സ്റ്റേഷനിലെ വിജയ് കാന്തന്, അഖില്‍ അഹമ്മദ് എന്നിവരെ ഛത്തിസ്ഗഢിലയച്ചു. മാവോവാദി ആക്രമണത്തില്‍ 24 സി.ആര്.പി.എഫ് ജവാന്മാർ മരിച്ച ഗ്രാമത്തിലായിരുന്നു ജവഹര്ലാലിെൻറ വീട്. കര്‍ണാടക സര്‍ക്കാറിെൻറ സമ്പൂർണ ചെലവില്‍ സഹോദരങ്ങള്‍ ഛത്തിസ്ഗഢിലേക്ക് യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.