തൃക്കരിപ്പൂർ: ചെറുവത്തൂർ ഉപജില്ലയിൽ ഒന്നാംതരത്തിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ 22 ശതമാനം വർധന. ചെറുവത്തൂർ ബ്ലോക്ക് റിസോഴ്സ് സെൻററിന് കീഴിൽ കഴിഞ്ഞ അധ്യയന വർഷം 1522 കുട്ടികളാണ് പ്രവേശനം നേടിയത്. ഇത്തവണ 329 കുട്ടികൾ വർധിച്ചപ്പോൾ ആകെ ഒന്നാംതരക്കാരുടെ എണ്ണം 1851 ആയി ഉയരുകയായിരുന്നു. തൃക്കരിപ്പൂർ പഞ്ചായത്തിലെ സെൻറ് പോൾസ് എ.യു.പി സ്കൂളാണ് 206 കുട്ടികളെ ഒന്നാംതരത്തിലെത്തിച്ച് ഒന്നാമതായത്. തൃക്കരിപ്പൂരിലെതന്നെ കൈക്കോട്ടുകടവ് പി.എം.എസ്.എ.പി.ടി.എസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 154 വിദ്യാർഥികളാണ് ഒന്നാംതരത്തിലേക്ക് കടന്നുവന്നത്. പടന്ന പഞ്ചായത്തിൽ ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിൽ 87, പിലിക്കോട് കൊടക്കാട് ഗവ. വെൽഫെയർ യു.പി സ്കൂളിൽ 83, ചെറുവത്തൂരിൽ ജി.ഡബ്ല്യു.യു.പി സ്കൂളിൽ 37, വലിയപറമ്പിൽ മാവിലാക്കടപ്പുറം ജി.എൽ.പി സ്കൂളിൽ 55 കുട്ടികളും ഒന്നാംതരത്തിലെത്തിച്ച് അതത് പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനക്കാരായി. വലിയപറമ്പ് എ.എൽ.പി സ്കൂളിൽ മുൻവർഷം പ്രവേശനം നേടിയവ ഒന്നാംക്ലാസുകാരുടെ എണ്ണം 22 ആയിരുന്നത് ഇത്തവണ 41 ആയി ഉയർന്നു. പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ 24ൽനിന്ന് 49, ചെറുവത്തൂർ ഗവ. വെൽഫെയർ യു.പി സ്കൂളിൽ ഒമ്പതിൽനിന്ന് 25, കൊവ്വൽ എ.യു.പി സ്കൂളിൽ 13ൽനിന്ന് 31, ചീമേനി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 20ൽ നിന്ന് 54, തെക്കെക്കാട് എ.എൽ.പി സ്കൂളിൽ 16ൽ നിന്ന് 30 എന്നിങ്ങനെ വർധനയുണ്ടായി. ഒന്നാംതരക്കാരുടെ കടന്നുവരവിൽ മിന്നുന്ന നേട്ടം കൈവരിച്ചത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കലാജാഥ സംഘടിപ്പിച്ച് ശ്രദ്ധേയമായ വലിയപറമ്പാണ്. 49 ശതമാനം കുട്ടികളാണ് ഇവിടെ മുൻവർഷത്തെ അപേക്ഷിച്ച് ഒന്നാംതരത്തിലെത്തിയത്. മറ്റ് പഞ്ചായത്തുകളുടെ വർധന ശതമാനത്തിൽ: കയ്യൂർ ചീമേനി -27, ചെറുവത്തൂർ -24, പിലിക്കോട് -21, തൃക്കരിപ്പൂർ -16, പടന്ന ഒമ്പത്. അൺ എയ്ഡഡ് സ്കൂളുകളുടെ അടച്ചുപൂട്ടൽ തുടരുന്നതിനിടെ ആറാം പ്രവൃത്തിദിവസമാകുമ്പോഴേക്കും വിദ്യാർഥികളുടെ ഒഴുക്ക് തുടരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.