മാണിയുടെ ഇടതുപക്ഷ ചായ്വ് വിജിലന്‍സ് കേസില്‍ അനുകൂലതീരുമാനം ഉണ്ടാക്കാനെന്ന് പി.സി. തോമസ്

കാഞ്ഞങ്ങാട്: കെ.എം. മാണി യു.ഡി.എഫില്‍നിന്ന് അകന്ന്് ഇടതുപക്ഷത്തേക്ക് അടുക്കുന്നത് അദ്ദേഹത്തിനെതിരെ എടുത്ത വിജിലന്‍സ് കേസുകളില്‍ അനുകൂലതീരുമാനം ഉണ്ടാക്കാനായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസ് കുറ്റപ്പെടുത്തി. മാണിയുടെ കേരളാ കോണ്‍ഗ്രസ് എന്‍.ഡി.എയിലേക്ക് വരുന്നകാര്യം മുമ്പ് അനൗദ്യോഗികമായി ജോസ് കെ. മാണിയുമായി സംസാരിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിക്കകത്തെ ചില നേതാക്കളുടെ എതിര്‍പ്പായിരിക്കാം തീരുമാനം വൈകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയില്‍ കൃഷിക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്ന സമ്പ്രദായം കേരളസര്‍ക്കാര്‍ നടപ്പാക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. കൃഷി, മൃഗസംരക്ഷണം, കാര്‍ഷിക വ്യവസായങ്ങള്‍, മത്സ്യബന്ധനം എന്നിവ ഒന്നായി ചേര്‍ത്ത് കേന്ദ്രത്തില്‍ റെയില്‍വകുപ്പിന് മാത്രമുള്ളതുപോലെ പൊതുബജറ്റ് കൂടാതെ പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പക്കണം. കൃഷിക്ക് വന്‍വികസനം ഉണ്ടാക്കുന്ന ഈ രീതി അവലംബിക്കുമെന്ന് എന്‍.ഡി.എ പ്രകടനപത്രികയില്‍ ചേര്‍ത്തിരുന്നു. കര്‍ണാടകയിലെയും ആന്ധ്രയിലെയും എന്‍.ഡി.എ സര്‍ക്കാറുകള്‍ ഇത് നടപ്പിലാക്കി. കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ കണ്ട് പാര്‍ലമെന്‍റില്‍ ഇപ്രകാരം കാര്‍ഷികബജറ്റ് അവതരിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. നാളികേര വിലയിടിവുമൂലം വിഷമിക്കുന്ന കേരളകര്‍ഷകര്‍ക്ക് ഇരുട്ടടിയായി ബജറ്റ് വഴി കൊണ്ടുവന്ന വെളിച്ചെണ്ണയുടെ അഞ്ചു ശതമാനം നികുതിയും ഭൂമികൈമാറ്റത്തിന് വര്‍ധിപ്പിച്ച ഭാരവും പിന്‍വലിക്കണം. കാസര്‍കോട് മെഡിക്കല്‍ കോളജ് എത്രയുംവേഗം യാഥാര്‍ഥ്യമാക്കണമെന്നും അതിവേഗപാതയില്‍ ജില്ലയെ ഉള്‍പ്പെടുത്തണമെന്നും കാര്‍ഷികകടാശ്വാസം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.ടി. ചാക്കോയുടെ 52ാം ചരമവാര്‍ഷികദിനമായ ആഗസ്റ്റ് ഒന്നിന് കേരളത്തിലെ മൂന്നു മുന്നണികളെയും പങ്കെടുപ്പിച്ച് ‘സമകാലിക രാഷ്ട്രീയത്തില്‍ പി.ടി. ചാക്കോയുടെ പ്രസക്തി’ എന്ന വിഷയത്തെക്കുറിച്ച് കോട്ടയത്ത് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തും. അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ അദ്ദേഹത്തിന്‍െറ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പിറന്ന കേരളാ കോണ്‍ഗ്രസ് പല പാര്‍ട്ടികളായി നില്‍ക്കാതെ ആദര്‍ശങ്ങള്‍ക്കുവേണ്ടി യോജിക്കാന്‍ തയാറാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ കുമ്മനം രാജശേഖരന്‍, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍, സുരേഷ് കുറുപ്പ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കൃഷ്ണന്‍ തണ്ണോട്ട്, ജില്ലാ പ്രസിഡന്‍റ് ഹരിപ്രസാദ് മേനോന്‍, ജനറല്‍ സെക്രട്ടറി രാജീവന്‍ പള്ളിപ്പുറം, സെക്രട്ടറി ബാലഗോപാലന്‍ പെരളത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജേക്കബ് കാനാട്ട്, മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT