തുറസ്സായസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഇല്ലാതാക്കുന്ന പദ്ധതി ഗ്രാമപഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ 15നകം പൂര്‍ത്തിയാക്കും –കലക്ടര്‍

കാസര്‍കോട്: തുറസ്സായസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കാന്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതി സെപ്റ്റംബര്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഇ. ദേവദാസന്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഇതിന്‍െറ പ്രഖ്യാപനം നടത്തും. പദ്ധതിപ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ നാലു താലൂക്കുകളിലും ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. കാസര്‍കോട് താലൂക്കില്‍ എ.ഡി.എം കെ. അംബുജാക്ഷന്‍, ഹോസ്ദുര്‍ഗില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എച്ച്. ദിനേശന്‍, മഞ്ചേശ്വരത്ത് ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) എന്‍. ദേവിദാസ്, വെള്ളരിക്കുണ്ട് താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.കെ. ജയശ്രീ എന്നിവരെയാണ് ചാര്‍ജ് ഓഫിസര്‍മാരായി നിയോഗിച്ചിട്ടുള്ളത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പദ്ധതിയുടെ നോഡല്‍ ഓഫിസറായിരിക്കും. ഓരോ ഗ്രാമപഞ്ചായത്തിലും വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പഞ്ചായത്തുതല നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും. 15,400 രൂപയാണ് ഗുണഭോക്താവിന് കക്കൂസ് നിര്‍മാണത്തിന് അനുവദിക്കുന്നത്. ഇതില്‍ 12,000 രൂപ ജില്ലാ ശുചിത്വമിഷനും 3400 രൂപ പഞ്ചായത്ത് വിഹിതവുമായി അനുവദിക്കും. ശുചിത്വമിഷന്‍െറ വിഹിതം ലഭിക്കാന്‍ കാലതാമസമുണ്ടാകുന്ന സാഹചര്യത്തില്‍ അതത് പഞ്ചായത്തുകള്‍ ഈ തുകകൂടി പ്ളാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 3500 കക്കൂസുകളുടെ നിര്‍മാണം തുടങ്ങി. ഇതില്‍ 800ഓളം പൂര്‍ത്തീകരിച്ചു. ശുചിമുറിനിര്‍മാണത്തിന് കുടുംബശ്രീ പരിശീലനം നല്‍കും. നിര്‍മിതികേന്ദ്ര എന്‍ജിനീയര്‍മാരെ ഇതിനായി നിയോഗിക്കും. ബ്ളോക് പരിധിയില്‍ 10 പേര്‍ക്ക് വീതം സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങളും ഈ പദ്ധതിയുടെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും സെപ്റ്റംബര്‍ 15നകം തുറസ്സായസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കാനുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.