അവഗണനയുടെയും അഴിമതിയുടെയും സ്മാരകമായി പാലികാഭവന്‍

കാസര്‍കോട്: മല്ലികാര്‍ജുന ക്ഷേത്രത്തിന് മുന്നില്‍ അപകടാവസ്ഥയില്‍ നിലകൊള്ളുന്ന നഗരസഭാ കെട്ടിടമായ പാലികാഭവന്‍ അവഗണനയുടെയും അഴിമതിയുടെയും സ്മാരകമായി തുടരുന്നു. ഇടക്കിടെ ഷീറ്റുകളും കോണ്‍ക്രീറ്റും നിലംപതിച്ച് യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അപായ ഭീഷണിയാകുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. നാലു നിലകളിലായി 26 മുറികളാണ് പാലികാഭവന്‍ കെട്ടിട സമുച്ചയത്തിലുള്ളത്. വാണിജ്യ മുറികള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മുകള്‍ നിലയിലെ എല്ലാ മുറികളും ഉപയോഗശൂന്യമായി നശിച്ചുകൊണ്ടിരിക്കുന്നു. മുമ്പ്, അപകടം നടന്ന സമയത്ത് പ്രവൃത്തികള്‍ക്കായി അഞ്ചുലക്ഷം വകയിരുത്തിയെങ്കിലും പിന്നീടങ്ങോട്ട് നടപടികളുണ്ടായില്ല. നഗരസഭക്ക് ഫണ്ട് ഇല്ല എന്നാണ് കാരണമായി പറയുന്നത്. ചുമരുകളും വാതിലുകളും ജനലുകളും ഇളകിയ പാലികാഭവന്‍ അറ്റകുറ്റപ്പണി നടത്തി തുറന്നുനല്‍കാന്‍ നഗരസഭക്ക് താല്‍പര്യമില്ല. ബുധനാഴ്ചത്തെ നഗരസഭാ യോഗത്തില്‍ പാലികാഭവന്‍ ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അജണ്ടയില്‍ ഉണ്ടായിരുന്നില്ല. മൂന്നുവര്‍ഷം മുമ്പ് മൂന്നുലക്ഷം രൂപയുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍, ഈ പണം പോലും പാലികാഭവനില്‍ നിന്ന് ഈടാക്കാന്‍ നടപടിയുണ്ടായില്ല. ഇപ്പോള്‍ വീണ്ടും അഞ്ചുലക്ഷം നീക്കിവെച്ചിരിക്കുകയാണ്. നീക്കിവെക്കുന്ന തുകയില്‍ വലിയ പങ്കും കരാറുകാര്‍ വിഴുങ്ങുകയാണ് ചെയ്യുന്നത്. അറ്റകുറ്റപ്പണി തന്നെ കരാറുകാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും വേണ്ടിയാണ് നടത്തുന്നതെന്ന് നേരത്തേതന്നെ ആക്ഷേപമുണ്ട്. ആവശ്യത്തിന്‍െറ അഞ്ചിരട്ടി തുകയുടെ എസ്റ്റിമേറ്റ് തയാറാക്കുന്ന കരാറുകാര്‍ മേമ്പൊടിക്ക് പണി ഒപ്പിക്കും. ബാക്കി പലരുടെയും കീശയിലേക്ക് പോകും. ഏതാനും ദിവസം മുമ്പ് പാലികാഭവന്‍െറ കോണ്‍ക്രീറ്റ് സ്ളാബ് തകര്‍ന്നുവീണ് സമീപത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ന്നിരുന്നു. സമീപത്ത് ഉണ്ടായിരുന്നയാള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാറുടമക്ക് 3000 രൂപ നല്‍കി കേസ് ഒഴിവാക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ കെട്ടിടമാണ് ഈ രീതിയില്‍ തകരു ന്നത്. അറ്റകുറ്റപ്പണിക്ക് രണ്ടു ലക്ഷമാണ് അവസാനമായി നീക്കിവെച്ചത്. എന്നാല്‍, കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും താല്‍പര്യ പ്രകാരം ഇത് അഞ്ചുലക്ഷമാക്കി. എന്നാല്‍, അറ്റകുറ്റപ്പണി മാത്രം നടക്കുന്നില്ല. പാലികാഭവനിലെ മുറികള്‍ വനിതാ ഹോസ്റ്റല്‍ ആക്കിമാറ്റാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, സമീപത്തെ ക്ഷേത്രം അശുദ്ധമാകുമെന്ന് ആര്‍.എസ്.എസ് ആഭിമുഖ്യമുള്ള ഹൈന്ദവ സംഘടനകള്‍ പരാതി പറഞ്ഞതിനാല്‍ അത് നടന്നില്ല. കെട്ടിടത്തിന്‍െറ പിറകുവശം ക്ഷേത്രത്തിലേക്കാണ് തുറക്കുന്നത്. മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാന്‍ തീരുമാനവും എടുത്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.