ജൈവ സന്ദേശ കൃഷിയാത്ര സംസ്ഥാനതല ഉദ്ഘാടനം നാളെ

കാസര്‍കോട്: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കഴിഞ്ഞ നാലുവര്‍ഷങ്ങളായി നടപ്പിലാക്കിവരുന്ന ജൈവകൃഷി വികസന പദ്ധതിയുടെ ഭാഗമായി ജൈവ സന്ദേശ കൃഷിയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാസര്‍കോട്ട് ഫ്ളാഗ്ഓഫ് ചെയ്ത് നിര്‍വഹിക്കും. മന്ത്രി കെ.പി. മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി നിയമസഭാ നിയോജക മണ്ഡലംതോറും നാളെ മുതല്‍ മാര്‍ച്ച് മൂന്നുവരെ ജൈവ കാര്‍ഷിക സെമിനാറും കൃഷിവകുപ്പിലെ ജില്ലയിലെ കലാകാരന്മാര്‍ അണിനിരക്കുന്ന ജൈവ സന്ദേശ കൃഷി യാത്രക്ക് സ്വീകരണവും നല്‍കും. ലോകത്തിന് കേരള സംസ്ഥാനത്തിന്‍െറ പുത്തന്‍ സന്ദേശമായി ജൈവകൃഷിയുടെ പ്രാധാന്യവും അവബോധവും സൃഷ്ടിക്കുന്നതിന് പുത്തന്‍ ആശയമായി മെഡിക്കല്‍ ലാബിനു പകരം ബയോ കണ്‍ട്രോള്‍, ബയോ ഇന്‍പുട്ട് ലാബുകള്‍, ജൈവകൃഷി പാഠ്യവിഷയമാക്കുക, ത്രിതല പഞ്ചായത്തുകളില്‍ ജൈവകൃഷി പദ്ധതിക്ക് പ്രാധാന്യം നല്‍കുക, സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും ആരോഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിത ഭക്ഷണം ശീലമാക്കുന്നതിന് ജൈവ കൃഷിരീതിയില്‍ സാധ്യമായ തോതില്‍ പച്ചക്കറികളും മറ്റും ഉല്‍പാദിപ്പിക്കുക എന്നിവയാണ് സന്ദേശ യാത്രയുടെ ഉദ്ദേശ്യം. ജില്ലയില്‍ നിയോജക മണ്ഡലം പരിപാടികള്‍ 29ന് കാസര്‍കോട്, മാര്‍ച്ച് ഒന്നിന് രാവിലെ 11ന് മഞ്ചേശ്വരം, മാര്‍ച്ച് രണ്ടിന് രാവിലെ 11ന് ഉദുമ, ഉച്ച മൂന്നിന് കാഞ്ഞങ്ങാട്, മാര്‍ച്ച് മൂന്നിന് ഉച്ച രണ്ടിന് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എന്നിങ്ങനെ നടക്കും. ജൈവ കാര്‍ഷിക സെമിനാറും സന്ദേശ യാത്രയുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.