തൃക്കരിപ്പൂര്‍ ഇനി ആദര്‍ശ് റെയില്‍വേ സ്റ്റേഷന്‍

തൃക്കരിപ്പൂര്‍: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു. കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം ഒന്നാം പ്ളാറ്റ്ഫോമിനടുത്ത് പി. കരുണാകരന്‍ എം.പി നിര്‍വഹിച്ചു. നിലവിലെ കെട്ടിടത്തിന് 100 മീറ്റര്‍ വടക്കുമാറിയാണ് പുതിയ കെട്ടിടം പണിയുന്നത്. ആദര്‍ശ് സ്റ്റേഷന്‍ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ നിര്‍വഹിച്ചു. ആദര്‍ശ് സ്റ്റേഷനായി മാറുന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറും. സ്ത്രീകള്‍ക്ക് പ്രത്യേക കാത്തിരിപ്പ് കേന്ദ്രം, കുടിവെള്ള വിതരണ സംവിധാനം, ആവശ്യത്തിന് ശുചിമുറികള്‍ എന്നിവ ഉണ്ടാകും. വരുമാനം വര്‍ധിക്കുന്നതിന് അനസൃതമായി സൗകര്യങ്ങള്‍ കൂടും. പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകള്‍ വികസനത്തിന്‍െറ പാതയിലാണെന്ന് മുഖ്യാതിഥി ഡി.ആര്‍.എം. ആനന്ദ് പ്രകാശ് പറഞ്ഞു. ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ് ആവശ്യം മെമു ട്രെയിനുകളുടെ വരവോടെ പരിഹരിക്കപ്പെടും. വൈദ്യുതീകരണം പൂര്‍ത്തീകരിക്കുന്നതോടെ ഇത് സാധ്യമാവുമെന്ന് ഡി.ആര്‍.എം അറിയിച്ചു. വീല്‍ചെയര്‍ കയറ്റാനുള്ള സൗകര്യം, പ്രീപെയ്ഡ് ടാക്സി, ലിഫ്റ്റ് തുടങ്ങിയവ പിന്നീടുള്ള വികസന പ്രവര്‍ത്തനങ്ങളാണ്. കെട്ടിടം വരുന്നതിന് മുന്നോടിയായി ഒന്നാം പ്ളാറ്റ് ഫോം ഉയരം കൂട്ടുന്ന പ്രവൃത്തിയും നടക്കും. സ്റ്റേഷന്‍ വികസനം ത്വരിതപ്പെടുത്തുന്നതിന് 2011ലാണ് റെയില്‍വേ ആക്ഷന്‍ ഫോറം നിലവില്‍ വന്നത്. 81 ലക്ഷം രൂപ ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയായ, യാത്രക്കാര്‍ക്കുള്ള മേല്‍ നടപാലം മാര്‍ച്ച് അവസാനത്തോടെ തുറന്നുകൊടുക്കും. ശിലാസ്ഥാപന ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാലക്കാട് ഡിവിഷനല്‍ മാനേജര്‍ ആനന്ദ് പ്രകാശ് മുഖ്യാതിഥിയായി. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. ഫൗസിയ, വൈസ് പ്രസിഡന്‍റ് എന്‍. സുകുമാരന്‍, ജില്ലാ പഞ്ചായത്തംഗം വി.പി.പി. മുസ്തഫ എന്നിവര്‍ സംസാരിച്ചു. പി. മഷൂദ് സ്വാഗതവും കെ. ഭാസ്കരന്‍ നന്ദിയും പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് വി.കെ. ബാവ, കെ. ഭാസ്കരന്‍, പി. കുഞ്ഞിക്കണ്ണന്‍, എം. രാമചന്ദ്രന്‍, സത്താര്‍ വടക്കുമ്പാട്, ടി. കുഞ്ഞിരാമന്‍, ടി.വി. ബാലകൃഷ്ണന്‍, അഡ്വ.എം.ടി.പി. കരീം, കെ.വി. മുകുന്ദന്‍, ഉറുമീസ് തൃക്കരിപ്പൂര്‍, കെ.വി. ലക്ഷ്മണന്‍, എ.ജി. നൂറുല്‍ അമീന്‍ തുടങ്ങിയവര്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.