നാണ്യവിളകളുടെ വിലതകര്‍ച്ച: മലയോരം പട്ടിണിയിലേക്ക്

കാസര്‍കോട്: നാണ്യവിളകളുടെ വിലതകര്‍ച്ചയോടൊപ്പം നിര്‍മാണ മേഖലയും സ്തംഭിച്ചതോടെ ജില്ലയിലെ മലയോര മേഖല പട്ടിണിയിലേക്ക് നീങ്ങുന്നു. റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ക്ക് കുറഞ്ഞ നിരക്കാണ് ലഭിക്കുന്നത്. കരിങ്കല്‍ ക്വാറി, ക്രഷര്‍ തൊഴില്‍ മേഖലയില്‍ സമരം ആരംഭിച്ചതോടെ ആ വഴിക്കുള്ള ഉപജീവനവും മുടങ്ങി. മഴ മാറിയിട്ടും തോട്ടമുടമകള്‍ ടാപ്പിങ്ങിന് തയാറായിട്ടില്ല. ഇപ്പോള്‍ കിലോ റബര്‍ ഷീറ്റിന് 100 മുതല്‍ 110 രൂപ വരെയാണ് വില. പല കച്ചവടക്കാരും റബര്‍ വാങ്ങുന്നതുതന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. റബറിന്‍െറ വിലയിടിവ് നിമിത്തം തോട്ടങ്ങളില്‍ ടാപ്പിങ് നിര്‍ത്തിവെച്ചത് പട്ടിണിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. സര്‍ക്കാര്‍ 150 രൂപക്ക് റബര്‍ സംഭരിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും റബര്‍ വില്‍പന നടത്തിയ ബില്ല് ഓണ്‍ലൈനായി അപ്ലോഡ് ചെയ്താല്‍ അക്കൗണ്ട് വഴി പണം നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ബില്ല് നല്‍കി റബര്‍ ഷീറ്റ് വാങ്ങുന്ന കച്ചവടക്കാര്‍ മലയോര മേഖലയില്‍ അപൂര്‍വമാണ്. ഈ വര്‍ഷം മഴക്കാലത്ത് റെയിന്‍ ഗാര്‍ഡ് വെച്ചുപിടിപ്പിച്ച് ടാപ്പിങ് നടത്തിയ കര്‍ഷകര്‍ വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ വന്‍കിട തോട്ടങ്ങളില്‍ ടാപ്പിങ് നടത്തി ഉപജീവനം നടത്തിവന്ന കുടുംബങ്ങളാണ് വറുതിയിലായത്. 100 മരം ടാപ്പ് ചെയ്താല്‍ 200 രൂപ ലഭിക്കും. ഒരു തൊഴിലാളി ശരാശരി 300 മരമെങ്കിലും ടാപ്പിങ് ചെയ്യും. എന്നാല്‍, ടാപ്പിങ് നിലച്ചത് തൊഴിലാളികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടാക്കിയത്. ക്രഷര്‍, ക്വാറി മേഖലകളിലെ പണിമുടക്ക് കൂടി ആരംഭിക്കുന്നതോടെ ജില്ലയിലെ തൊഴിലാളികളുടെ സ്ഥിതി കഷ്ടത്തിലാണ്. തൊഴിലില്ലായ്മ മൂലം ടാപ്പിങ് തൊഴിലാളികള്‍ നിര്‍മാണ മേഖലയിലേക്കും മറ്റും ചേക്കേറിയെങ്കിലും നിര്‍മാണ മേഖലയിലെ വിലക്കയറ്റവും ക്വാറി സമരവും ഈ മേഖലയിലെയും തൊഴില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. പുതിയ റബര്‍ തൈകള്‍ വെച്ചുപിടിപ്പിക്കാനും തോട്ടങ്ങളില്‍ പണിയെടുപ്പിക്കാനും ഉടമകള്‍ തയാറാകാത്തതാണ് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജീവിതം ദുസ്സഹമാക്കിയതോടൊപ്പം തൊഴിലില്ലായ്മ കൂടി ആയപ്പോള്‍ മലയോര മേഖലയില്‍ ജീവിതം സ്തംഭിച്ച അവസ്ഥയാണ്. ഓണക്കാലത്ത് പോലും കച്ചവട സ്ഥാപനങ്ങളിലൊന്നും തിരക്കുണ്ടായിരുന്നില്ല. തേങ്ങ കിലോക്ക് 28 രൂപ വിലയുണ്ടെങ്കിലും പച്ചത്തേങ്ങ സംഭരണമില്ലാത്തതിനാല്‍ തേങ്ങ വില്‍പന നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. ക്രഷര്‍, ക്വാറി മേഖലകളിലെ പണിമുടക്ക് കൂടി ആരംഭിക്കുന്നതോടെ ജില്ലയിലെ തൊഴിലാളികളുടെ സ്ഥിതി കഷ്ടത്തിലാകും. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും ആവശ്യത്തിന് തൊഴില്‍ ലഭിക്കാത്തതിനാല്‍ തിരിച്ചുപോകേണ്ട അവസ്ഥയാണ്. കരിങ്കല്ല്, ചെങ്കല്ല്, മെറ്റല്‍, മണല്‍ എന്നിവ കിട്ടാനില്ലാത്ത സ്ഥിതിയാണ്. തൊഴിലുറപ്പ് മേഖലയില്‍ 100 ദിവസത്തെ തൊഴില്‍ എന്നത് പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.