കാസര്‍കോട് പൊലീസിലെ വിഭാഗീയത ഫ്ളക്സുകളായി തെരുവിലേക്കും

കാസര്‍കോട്: കാസര്‍കോട് പൊലീസില്‍ ഉന്നതര്‍ തമ്മിലുള്ള വിഭാഗീയത ചേരിതിരിഞ്ഞ് തെരുവില്‍ ഫ്ളക്സിലേക്കും. ജില്ലാ പൊലീസ് മേധാവിയുടെയും കാസര്‍കോട് ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള പോരാണ് ഫ്ളക്സില്‍ നിറംപകര്‍ന്ന് തെരുവിലത്തെിയത്. കുഡ്ലു സര്‍വിസ് സഹകരണ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് പൊലീസില്‍ ചേരിതിരിവുണ്ടായത്. സര്‍ക്കാറില്‍ ഉന്നത സ്വാധീനമുള്ള ഡിവൈ.എസ്.പിയും ജില്ലാ പൊലീസ് മേധാവിയുമായ ഐ.പി.എസുകാരനും തമ്മിലാണ് അധികാര തര്‍ക്കം. ഒടുവില്‍, ഡിവൈ.എസ്.പിക്ക് സ്ഥലംമാറ്റം ലഭിച്ചു. കുഡ്ലു ബാങ്ക് കവര്‍ച്ച കേസില്‍ ഡിവൈ.എസ്.പി ടി.പി. രഞ്ജിത്താണ് ആദ്യം അന്വേഷിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ പോര് വര്‍ധിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐയെ കൂടെ ചേര്‍ക്കുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ജില്ലാ പൊലീസ് മേധാവിയെ അനുസരിക്കുന്നില്ല എന്നും പരാതി ഉയര്‍ന്നു. ഈ പരാതി ആഭ്യന്തര മന്ത്രിയുടെ മുന്നിലത്തെിയപ്പോള്‍ രഞ്ജിത്തിനെ സ്ഥലംമാറ്റാതിരിക്കാനാവാത്ത അവസ്ഥ വന്നു. രഞ്ജിത്ത് കണ്ണൂരിലേക്ക് മാറി. തുടര്‍ന്ന് കേസിന്‍െറ പൂര്‍ണ ചുമതല ജില്ലാ പൊലീസ് മേധാവിയും സി.ഐ പി.കെ. സുധാകരനും ഏറ്റെടുത്തു. ബാക്കി പ്രതികളെ സുധാകരന്‍െറ നേതൃത്വത്തിലും പിടികൂടി. എല്ലാവരും മിടുക്ക് തെളിയിച്ച കുഡ്ലു ബാങ്ക് കവര്‍ച്ചയില്‍ ആരാണ് കൂടുതല്‍ മിടുക്ക് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ടി.പി. രഞ്ജിത്തിനെ പ്രകീര്‍ത്തിച്ചും അദ്ദേഹത്തെ കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് അഞ്ച് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി. ജില്ലാ പൊലീസ് മേധാവിയെ ആനയിക്കുന്നതിനും അനുമോദിക്കുന്നതിനും പൗരസ്വീകരണവും ഏര്‍പ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ തലപ്പടം തെരുവില്‍ ഫ്ളക്സില്‍ ഉയര്‍ന്ന് നില്‍ക്കുന്നതുപോലെ കേസ് തെളിയിച്ച പൊലീസുകാരുടെ ഫോട്ടോകളും ഇപ്പോള്‍ കാസര്‍കോട്ട് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.