ഉദ്യോഗസ്ഥ ക്ഷാമം വികസനത്തിന് പ്രധാന വെല്ലുവിളി –സെമിനാര്‍

കാസര്‍കോട്: ഉദ്യോഗസ്ഥരുടെ അഭാവവും ഇടക്കിടെയുള്ള സ്ഥലംമാറ്റവും അടിസ്ഥാന ഭൗതിക സാഹചര്യങ്ങളുടെയും സാങ്കേതിക സൗകര്യങ്ങളുടെയും കുറവ് ജില്ലയുടെ സമഗ്ര വികസനത്തിന് വെല്ലുവിളികളാണെന്ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ജില്ലയുടെ കാഴ്ചപ്പാട് രൂപരേഖ അവതരണ സെമിനാര്‍ ചൂണ്ടിക്കാട്ടി. ഭാഷാ വൈവിധ്യത്തിന്‍െറ പ്രശ്നങ്ങളും വികസനത്തെ ബാധിക്കുന്നുണ്ട്. കാസര്‍കോട് ഗവ. ഗെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സെമിനാറില്‍ രൂപ രേഖ അവതരിപ്പിച്ച നിര്‍വഹണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്രയേറെ അടിസ്ഥാന പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ ജില്ല സംസ്ഥാനത്ത് ഒന്നാമതാണ്. നിര്‍വഹണ ഉദ്യോഗസ്ഥര്‍ പദ്ധതി നിര്‍വഹണത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിര്‍ദേശങ്ങളും സെമിനാറില്‍ അവതരിപ്പിച്ചു. ജില്ലയില്‍ നെല്‍കൃഷിയില്‍ ഉല്‍പാദന ക്ഷമത സംസ്ഥാന ശരാശരിയെക്കാള്‍ കുറവാണ്. ജില്ലയിലെ തരിശായിക്കിടക്കുന്ന പ്രദേശങ്ങള്‍ മുഴുവന്‍ കൃഷിയോഗ്യമാക്കാനുള്ള സമഗ്രപദ്ധതികള്‍ സെമിനാറില്‍ നിര്‍ദേശിച്ചു. ജൈവകൃഷി വ്യാപനത്തിന് ഉതകുന്ന പദ്ധതികള്‍ക്കും നാടന്‍ വിത്തുകളുടെ സംരക്ഷണത്തിനും, നാടന്‍ കന്നുകാലി സംരക്ഷണത്തിനുമുള്ള പദ്ധതികള്‍ ജില്ലാപഞ്ചായത്ത് നടപ്പാക്കണം. ബേളയിലെ നാടന്‍ കന്നുകാലി ഫാം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. യുവസംരംഭകരെ ആകര്‍ഷിക്കാന്‍ വ്യവസായ മേഖലയില്‍ അടിസ്ഥന സൗകര്യം മെച്ചപ്പെടുത്തുകയും സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ജില്ലാ പഞ്ചായത്ത് കുടുംബശ്രീയുമായി സഹകരിച്ച് നടത്താവുന്ന വിവിധ പദ്ധതികളും സെമിനാറില്‍ ചര്‍ച്ചചെയ്തു. ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീ സാമൂഹിക ശാക്തീകരണത്തിനും സഹായകമായ പദ്ധതികള്‍ നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് സാമൂഹിക നീതി വകുപ്പിന്‍െറ കീഴിലുള്ള എന്‍.പി.ആര്‍.പി.ഡി പദ്ധതി കാര്യക്ഷമമാക്കണം. കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടവും മറ്റു അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കണം. ചില്‍ഡ്രന്‍സ് ഹോമുകള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 18 വയസ്സ് പൂര്‍ത്തിയാക്കി വരുന്നവരെ പുനരധിവസിപ്പിക്കാന്‍ ആഫ്റ്റര്‍ കെയര്‍ ഹോം സ്ഥാപിക്കണം. പട്ടികവര്‍ഗ ജനസംഖ്യക്ക് ആനുപാതികമായി ട്രൈബല്‍ സബ് പ്ളാന്‍ വിഹിതം ലഭിക്കുന്നില്ല. പട്ടിക വര്‍ഗക്കാരുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് രൂപം നല്‍കണം. പട്ടിക ജാതിക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവരില്‍ ഭൂരിപക്ഷവും ഭാഷാന്യൂനപക്ഷ സമുദായത്തില്‍പെട്ടവരാണ്. തൊഴില്‍പരിപാടികളും സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനുള്ള പദ്ധതികളും ഇവര്‍ക്കായി നടപ്പാക്കണം. കുടിവെള്ളം, വീടുകള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണം. മീന്‍ പിടിത്ത തൊഴിലാളികള്‍ അധിവസിക്കുന്ന മേഖലയില്‍ ഫിഷറീസ് സ്റ്റേഷന്‍ ആവശ്യമാണ്. കടലാക്രമണം നേരിടുന്ന സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണം. കടല്‍ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കണം. പശ്ചാത്തല സൗകര്യ വികസനത്തിന് തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് വിഭാഗം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ജീവനക്കാരുടെ ക്ഷാമം സമയബന്ധിതമായി പരിഹരിക്കുകയും പദ്ധതി നിര്‍വഹണം മോണിറ്ററിങ് നടത്തുകയും വേണമെന്ന് നിര്‍ദേശം ഉയര്‍ന്നു. എല്ലാ പഞ്ചായത്തുകളിലും വിജിലന്‍റ് കേരള പദ്ധതി നടപ്പാക്കണം. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് നടപ്പാക്കുന്ന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാറേതര സംഘടനകളുടെ സഹായം അനിവാര്യമാണെന്ന് വിലയിരുത്തി. സെമിനാര്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഗവ. ഗെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ സേവന, പശ്ചാത്തല ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഇടപെടലുകളുടെ ആദ്യഘട്ടമായാണ് സെമിനാര്‍ നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ പറഞ്ഞു. വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പാദൂര്‍ കുഞ്ഞാമു, ഫരീദ സക്കീര്‍ അഹമ്മദ്, എ.പി. ഉഷ, അംഗങ്ങളായ ഡോ. വി.പി.പി. മുസ്തഫ, കെ. ശ്രീകാന്ത്, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. ഷാജി എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി. രാജ്മോഹന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അലി ഹര്‍ഷാദ് വൊര്‍ക്കാടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.