മായം കലര്‍ന്ന പാല്‍: ക്ഷീരവികസന വകുപ്പ് നടപടി തുടങ്ങി

കാസര്‍കോട്: ഓണാഘോഷത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള മായം കലര്‍ന്ന പാലിന്‍െറ വരവ് തടയാന്‍ ജില്ലാ ക്ഷീരവികസന വകുപ്പ് നടപടി തുടങ്ങി. പാലിന്‍െറ ഗുണനിലവാരം പരിശോധിക്കാനും ഗുണമേന്മയുള്ള പാല്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും ജില്ലാ ക്ഷീരവികസന ഓഫിസിന്‍െറ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോമ്പൗണ്ടില്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആരംഭിക്കും. ആഗസ്റ്റ് 20 മുതല്‍ ഇതിന്‍െറ പ്രവര്‍ത്തനം തുടങ്ങും. മായം കലര്‍ന്ന പാല്‍ ജില്ലയിലേക്ക് ഒഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് സെന്‍റര്‍ തുടങ്ങുന്നത്. പൊതുജനങ്ങള്‍ക്ക് പാലിന്‍െറ സാമ്പിളുമായി സെന്‍ററിലത്തെി ഗുണനിലവാരം പരിശോധിക്കാം. ശേഖരിക്കുന്ന സാമ്പിള്‍ ക്ഷീരവികസന വകുപ്പിന്‍െറ സിവില്‍ സ്റ്റേഷനിലുള്ള ക്വാളിറ്റി കണ്‍ട്രോള്‍ ലാബിലാണ് പരിശോധിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സെന്‍ററിന്‍െറ പ്രവര്‍ത്തന സമയം. അതത് ദിവസത്തെ പരിശോധനാ ഫലം അന്നുതന്നെ ലഭിക്കും. പൊതുജനങ്ങളില്‍നിന്ന് പാലിന്‍െറ സാമ്പിള്‍ ശേഖരിക്കുന്നതിന് പുറമെ വകുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ ബ്രാന്‍ഡ് പാക്കറ്റ് പാല്‍, മില്‍മ, ക്ഷീരസംഘങ്ങള്‍, ക്ഷീരകര്‍ഷകര്‍ എന്നിവരില്‍നിന്ന് ശേഖരിക്കുന്ന സാമ്പിള്‍ എന്നിവ പരിശോധിക്കും. പരിശോധന വഴി പാലിന്‍െറ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ഥങ്ങള്‍, അസിഡിറ്റി, പാലില്‍ ചേര്‍ത്തിട്ടുള്ള മായം, പ്രിസര്‍വേറ്റീവുകള്‍, ന്യൂട്രലൈസുകള്‍ തുടങ്ങിയവ കണ്ടുപിടിക്കും. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസറുടെ മേല്‍നോട്ടത്തിലാണ് സെന്‍ററിന്‍െറ പ്രവര്‍ത്തനം. പാലില്‍ മായം ചേര്‍ക്കുന്നതിനെ പറ്റിയും ദൂഷ്യഫലങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിനുള്ള ലഘുലേഖകളും സെന്‍ററില്‍ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.