പാഴാകുന്നത് ലക്ഷങ്ങള്‍: ഹയര്‍സെക്കന്‍ഡറികളില്‍ സൗഹൃദ ക്ളബുകള്‍ നിര്‍ജീവം

ചെറുവത്തൂര്‍: ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദ ക്ളബുകള്‍ കാര്യക്ഷമമാകുന്നില്ളെന്ന് ആക്ഷേപം. കൗമാരപ്രായക്കാര്‍ക്കിടയില്‍ മാനസികവും ശാരീരികവുമായ അവബോധം ഉണ്ടാക്കുക, മികച്ച തൊഴിലധിഷ്ഠിത കോഴ്സുകള്‍ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്‍റ് കൗണ്‍സലിങ് സെന്‍ററാണ് സൗഹൃദ ക്ളബ്. സംസ്ഥാനം, ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാലയം എന്നീ വിഭാഗങ്ങളിലായി ഓരോ കോഓഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. പുതുമയാര്‍ന്ന സന്ദേശം നല്‍കിയുള്ള പരിപാടികള്‍ നടപ്പാക്കാന്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. എന്നാല്‍, ഫണ്ട് കൈപ്പറ്റുന്നുവെന്നല്ലാതെ കാര്യമായ പ്രവര്‍ത്തനം വിദ്യാലയങ്ങളില്‍ നടക്കുന്നില്ല. ഇതുവരെ ഒരു പരിപാടിപോലും സംഘടിപ്പിക്കാത്ത സൗഹൃദ യൂനിറ്റുകളുള്ള വിദ്യാലയങ്ങളും സംസ്ഥാനത്ത് ധാരാളമുണ്ട്. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ‘സൗഹൃദ’യുടെ പ്രവര്‍ത്തനം മൂന്നുവര്‍ഷമായി അവതാളത്തിലാണ്. ട്രെയിനര്‍മാരെ അഭിരുചി നോക്കാതെ അപേക്ഷയുടെ മാത്രം അടിസ്ഥാനത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുത്തതാണ് പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ ഇടയാക്കിയത്. നിശ്ചിത ദിവസത്തെ പരിശീലനം സിദ്ധിച്ചിട്ടും ഈ അധ്യയന വര്‍ഷവും ക്ളബ് പ്രവര്‍ത്തനം തുടങ്ങാന്‍ ട്രെയിനര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. അമ്മയറിയാന്‍, റീ പ്രൊഡക്ടിവ് ഹെല്‍ത്ത്, ജീവിത നൈപുണി തുടങ്ങിയ പ്രായോഗിക പരിജ്ഞാനം ആവശ്യമുള്ള മേഖലയില്‍ പരിശീലകര്‍ക്കുള്ള പരിചയക്കുറവ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സൗഹൃദയില്‍നിന്ന് അകറ്റുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം ഭൂരിഭാഗം വിദ്യാലയങ്ങളിലും ‘സൗഹൃദ’ പരിശീലനങ്ങള്‍ വഴിപാടായി. ഇതിന്‍െറ മറവില്‍ ക്ളാസുകള്‍ സംഘടിപ്പിക്കാതെ വൗച്ചറുകള്‍ തട്ടിക്കൂട്ടി പണം കീശയിലാക്കിയവരും നിരവധിയാണ്. ശക്തമായ മോണിറ്ററിങ് സംവിധാനം ഇതുമായി ബന്ധപ്പെട്ട് നിലവിലില്ല. സംസ്ഥാന തലത്തില്‍ മികച്ച സൗഹൃദ കരിയര്‍ യൂനിറ്റുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ജലരേഖയായതും കോഓഡിനേറ്റര്‍മാര്‍ക്ക് ഉഴപ്പാന്‍ അവസരമുണ്ടാക്കി. ലക്ഷങ്ങള്‍ പാഴാക്കി നടത്തുന്ന കര്‍മപദ്ധതി കാര്യക്ഷമമാക്കാന്‍ നടപടിയെടുത്തില്ളെങ്കില്‍ ഉദ്ദേശിച്ച ഫലം നേടാതെ പോകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.