നീന്തല്‍മത്സരത്തിനിടെ വിദ്യാര്‍ഥിയുടെ മരണം: എ.ഇ.ഒ ഉൾപ്പെടെ ഒമ്പത​ു​പേര്‍ അറസ്​റ്റില്‍

തലശ്ശേരി: ഉപജില്ല നീന്തല്‍മത്സരത്തിനിടെ വിദ്യാർഥി മുങ്ങിമരിച്ച സംഭവത്തിൽ എ.ഇ.ഒയും അധ്യാപകരും ഉൾപ്പെടെ ഒമ്പതുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂ മാഹി എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഹൃത്വിക് രാജ്് (14) തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. തലശ്ശേരി സൗത്ത് എ.ഇ.ഒ പി.പി. സനകന്‍, സംഘാടകരായ അബ്ദുൽ നസീര്‍, മുഹമ്മദ് സക്കരിയ, മനോഹരന്‍, കരുണന്‍, വി.ജെ. ജയ്‌മോള്‍, പി. ഷീന, സോഫിന്‍ ജോണ്‍, സുധാകരന്‍ പിള്ള എന്നിവരെയാണ് എസ്‌.ഐ എം. അനിലും സംഘവും അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ആഗസ്റ്റ് 14ന് രാവിലെ 10.30നാണ് കേസിനാസ്പദമായ സംഭവം. നീന്തുന്നതിനിടെ കുളത്തില്‍ മുങ്ങിയ വിദ്യാർഥിയെ ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കനത്തമഴയിൽ വെള്ളം നിറഞ്ഞുകിടന്ന കുളത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാതെ മത്സരം സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടിൽ വ്യാപാരിയായ കോടിയേരി പാറാലിലെ കാഞ്ഞിരമുള്ളപറമ്പില്‍ കെ. രാജേഷി​െൻറയും മിനിയുടെയും മകനാണ് ഹൃത്വിക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.