കൂത്തുപറമ്പ്: വലിയവെളിച്ചം 110 കെ.വി സബ്സ്റ്റേഷൻെറ പ്രവർത്തനോദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 5.30ന് വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും. ജില്ലയിലെ പ്രധാന വ്യവസായ വളർച്ചാകേന്ദ്രങ്ങളിലൊന്നായ വലിയവെളിച്ചത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയാണ് സബ്സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. അതോടൊപ്പം കൂത്തുപറമ്പ് നഗരസഭയിൽ ഉൾപ്പെടുന്ന മൂര്യാട് ഭാഗത്തെയും പാട്യം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലെയും വോൾട്ടേജ് ക്ഷാമത്തിനും സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിലൂടെ പരിഹാരമാകും. സമീപകാലത്തായി സ്ഥാപിച്ച വലിയവെളിച്ചം വ്യവസായ വളർച്ചാകേന്ദ്രത്തിൽ വൻകിട കമ്പനികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിച്ചുവരുന്നത്. നിലവിൽ കുട്ടിക്കുന്ന്, നിടുംപൊയിൽ സബ് സ്റ്റേഷനുകളിൽനിന്നാണ് വലിയവെളിച്ചത്ത് വൈദ്യുതി എത്തിക്കുന്നത്. എന്നാൽ, ദീർഘദൂര ലൈനിൽ പ്രസരണനഷ്ടം പതിവായ സാഹചര്യത്തിലാണ് വലിയവെളിച്ചത്ത് പുതിയ 110 കെ.വി സബ്സ്റ്റേഷൻ നിർമിച്ചത്. വ്യവസായ മന്ത്രി ഇ.പി. ജയരാജൻെറ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എം.പിമാരായ കെ. സുധാകരൻ, കെ.കെ. രാഗേഷ് എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.