ഭാഷാഭ്രാന്ത് അത്യന്തം അപകടകരം -മുല്ലപ്പള്ളി

വലിയ സാമ്പത്തിക തകര്‍ച്ചയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള തീക്കളി തലശ്ശേരി: രാജ്യ ത്തെ ഭാഷാഭ്രാന്തിലേക്കു തള്ളിവിടാനുള്ള കേന്ദ്രസര്‍ക്കാറിൻെറയും ബി.ജെ.പിയുടെയും നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാവരെയും ഹിന്ദി പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ബി.ജെ.പി, 1967ല്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദിവിരുദ്ധ കലാപത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണം. തീവ്രഭാഷ സ്‌നേഹവും ഒരു രാജ്യം ഒരു ഭാഷ എന്ന ആശയവും ദേശീയ ഉദ്ഗ്രഥനത്തിനും ഐക്യത്തിനും തുരങ്കംവെക്കുന്ന ഭ്രാന്തന്‍ നയമാണ്. നാളെ ഇത് ഒരു രാജ്യം ഒരു മതം എന്ന നിലയിലേക്ക് വളരും. പിന്നീടത് ഒരു രാജ്യം ഒരു പാര്‍ട്ടി എന്നാകാം. ഇതു ഫാഷിസത്തിലേക്കുള്ള പോക്കാണ്. ഇത് ഇന്ത്യയെ ഭിന്നിപ്പിക്കും. വിഭജിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിൻെറ തനി ആവര്‍ത്തനമാണ് ഇപ്പോള്‍ ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. തീവ്രമായ ഭാഷാഭ്രാന്ത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിൻെറ പല ഭാഗത്തും വലിയ ദുരന്തങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. ഹിന്ദിയോടുള്ള അമിതാവേശം രാജ്യത്ത് ആപത്തുവിതക്കുമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി. കോണ്‍ഗ്രസ് ഒരു ഭാഷക്കും എതിരല്ല. ഭാഷയെ സ്‌നേഹിക്കുന്നതും കൂടുതല്‍ ഭാഷ പഠിക്കുന്നതും സാംസ്‌കാരിക വളര്‍ച്ചയുടെ അടയാളങ്ങളാണ്. എന്നാല്‍, ഏതെങ്കിലും ഭാഷ അടിച്ചേൽപിക്കുന്നതിനോടു യോജിക്കുകയുമില്ല. രാഷ്ട്രശിൽപി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു നടപ്പാക്കിയ ത്രിഭാഷ പദ്ധതിയാണ് രാജ്യത്തിന് ഏറ്റവും അഭികാമ്യം. ഇന്ത്യയെപ്പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത് ഏകശിലാ രീതിയിലുള്ള നയങ്ങളും പരിപാടികളും നിലനില്‍ക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വലിയ സാമ്പത്തിക തകര്‍ച്ചയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ അതു പരിഹരിക്കുന്നതിനു പറ്റിയ പരിപാടികളും പദ്ധതികളും നടപ്പാക്കുന്നതിനു പകരം ജനശ്രദ്ധ തിരിച്ചുവിടാനുള്ള തീക്കളിയാണിതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.