ജീവനക്കാരുടെ കുറവ്​: താലൂക്ക്, വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റുന്നു

തളിപ്പറമ്പ്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ താലൂക്ക് ഓഫിസിലും താലൂക്ക് ആസ്ഥാനത്തെ തളിപ്പറമ്പ് വില്ലേജ് ഓഫിസിലും പ്രവർത്തനങ്ങൾ താളംതെറ്റുന്നു. ജീവനക്കാരുടെ ഒഴിവുകൾ നികത്താത്തതിനാൽ ഓഫിസിൽ എത്തുന്നവർ കഷ്ടപ്പെടുകയാണ്. വില്ലേജ് ഓഫിസിൽ ഒരുവില്ലേജ് ഓഫിസറും ഒരു വില്ലേജ്മാനും മാത്രമാണ് നിലവിലുള്ളത്. രണ്ട് സ്പെഷൽ വില്ലേജ് ഓഫിസർമാരുടെയും ഒരു എൽ.ഡി ക്ലർക്കിൻെറയും ഒരു ഓഫിസ് അറ്റൻഡറുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ലൈഫ് പദ്ധതിയിൽ ഭൂമി ലഭിക്കുന്നതിനു വേണ്ടിയുള്ള സർട്ടിഫിക്കറ്റിന് 920 അപേക്ഷകളാണ് ഓഫിസിൽ കാത്തിരിക്കുന്നത്. അപേക്ഷകളിൽ അന്വേഷണം നടത്തി സർട്ടിഫിക്കറ്റുകൾ നൽകാൻ ജീവനക്കാരുടെ കുറവ് കാരണം സാധിക്കാത്ത അവസ്ഥയാണ്. ഇതോടൊപ്പം തന്നെ ഇത്രയും പേർക്ക് വരുമാന സർട്ടിഫിക്കറ്റുകളും ലൈഫ് പദ്ധതിയിൽ നൽകണം. പ്രളയക്കെടുതിയിൽ നാശം സംഭവിച്ചവരുടെ അപേക്ഷകളിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കേണ്ടതും വില്ലേജ് ഓഫിസർമാരുടെ ഉത്തരവാദിത്തമാണ്. ഒരുദിവസം സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കായി ശരാശരി 250ഓളം അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. സമയത്ത് സർട്ടിഫിക്കറ്റുകൾ അപേക്ഷകർക്ക് നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. രണ്ട് കമ്പ്യൂട്ടറുകളാണ് ഈ ഓഫിസിലുള്ളത്. ഇതിൻെറ പ്രവർത്തനം തകരാറിലായാൽ പുറമെനിന്നും ടെക്നീഷ്യന്മാരെ വരുത്തി പ്രവർത്തനസജ്ജമാക്കാൻ വ്യവസ്ഥയില്ല. കമ്പനിയിൽ നിന്നും തന്നെ ടെക്നീഷ്യന്മാരെ വരുത്തി അറ്റകുറ്റപ്പണി നടത്തണം. ഇതുകാരണം ആവശ്യക്കാർക്ക് സർട്ടിഫിക്കറ്റ് വിതരണം തടസ്സപ്പെടുകയാണ്. തളിപ്പറമ്പ് താലൂക്ക് ഓഫിസിൽ തഹസിൽദാറുടെയും അഡീഷനൽ തഹസിൽദാറുടെയും ഒഴിവുകൾ നികത്താത്തതും ഓഫിസ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.